/indian-express-malayalam/media/media_files/uploads/2018/05/toss-toss-759.jpeg)
ന്യൂഡല്‍ഹി: ക്രിക്കറ്റിന്‍റെ ഭരണസമിതിയായ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ചില മാറ്റങ്ങളെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചയിലാണ് കുറച്ച് നാളായിട്ട്. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിലെ ടോസിങ്ങിനെ കുറിച്ചാണ് ഇപ്പോള്‍ ഐസിസിയുടെ അങ്കലാപ്പ്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ 1877ല്‍ നടന്ന ആദ്യ ടെസ്റ്റ് മാച്ച് മുതല്‍ മുടങ്ങാതെ തുടരുന്ന സമ്പ്രദായത്തിന്‍റെ പോരായ്മകള്‍ ആണ് കുറച്ചു കാലമായി ഭരണസമിതിയിലെ പ്രധാന ചര്‍ച്ചാ വിഷയം.
മൽസരിക്കുന്ന രണ്ട് ടീമുകളില്‍ ആര് ആദ്യം ബാറ്റ് ചെയ്യണം, ബോള്‍ ചെയ്യണം എന്ന് തീരുമാനിക്കാനാണ് ടോസ് ഇടുന്നത്. ആതിഥേയ രാജ്യത്തിന്‍റെ ടീം ക്യാപ്റ്റനാണ് എപ്പോഴും ടോസ് ഇടാനുള്ള അവകാശം. മറ്റേ ടീമിന്‍റെ ക്യാപ്റ്റന്‍ ടോസ് വിളിക്കും. പക്ഷേ ഇത് നീതിയുക്തമല്ലാത്ത രീതിയില്‍ ആതിഥേയ ടീമിന് ആനുകൂല്യം നല്‍കുന്നുവെന്നാണ് കുറച്ച് കാലമായി നിരൂപകര്‍ വിലയിരുത്തുന്നത്. അതുകൊണ്ട് ടോസിങ് സമ്പ്രദായം നിര്‍ത്തണോയെന്ന് ചര്‍ച്ച ചെയ്യാന്‍ മെയ് 28നും 29നും മുംബൈയില്‍ ഐസിസി യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്
"ആതിഥേയ ടീമാണ് പിച്ച് ഒരുക്കുന്നതെന്നിരിക്കെ ഇത് വളരെ ഗൗരവമുള്ള ഒരു കാര്യമാണ്. കമ്മിറ്റിയിലെ ഒന്നിലധികം അംഗങ്ങളുടെ അഭിപ്രായം സന്ദര്‍ശന ടീമിന് തന്നെ എല്ലാ മാച്ചിനും ടോസ് നല്‍കണമെന്നാണ്. പക്ഷേ അതിനെ എതിര്‍ക്കുന്നവരുമുണ്ട്.", പാനല്‍ അംഗങ്ങള്‍ക്കയച്ച കത്തില്‍ പറഞ്ഞു. 2016 കൗണ്ടി ക്രിക്കറ്റ് മൽസരങ്ങളില്‍ ടോസിങ് ഒഴിവാക്കിയതിനെത്തുടര്‍ന്നു അത് ഇന്ത്യയിലും പിന്തുടരാന്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷേ തീരുമാനമൊന്നുമാകാതെ അത് അവസാനിച്ചു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും, കോച്ചുമായ അനില്‍ കുംബ്ലെ, ആൻഡ്രു സ്ട്രോസ്, മഹീള ജയവര്‍ധന, രാഹുല്‍ ദ്രാവിഡ്, ടിം മെയ്, ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് വൈറ്റ്, അംപയറായ റിച്ചാര്‍ഡ് കെറ്റില്‍ബോറോ, ഐസിസി റെഫറിമാരായ രഞ്ജന്‍ മദുഗളെ, ഷോണ്‍ പൊല്ലോക്, ക്ലെയര്‍ കോണര്‍ എന്നിവരാണ് ഐസിസി ക്രിക്കറ്റ് കമ്മിറ്റി അംഗങ്ങള്‍. പന്ത് ചുരണ്ടല്‍ വിവാദത്തോടെ രാജി വച്ച ഓസ്ട്രേലിയന്‍ കോച്ച് ഡാരന്‍ ലെഹ്‌മാന്‍ പോയതോടെ കോച്ചിന്‍റെ പ്രാതിനിധ്യം നിലവില്‍ ഒഴിഞ്ഞ് കിടക്കുകയാണ്.
ക്രിക്കറ്റ് നിരൂപകരായ മൈക്കില്‍ ഹോള്‍ഡിങ്ങിന്‍റെയും മുന്‍ ഓസ്ട്രേലിയന്‍ താരമായിരുന്ന സ്റ്റീവ് വോയുടെയും അഭിപ്രായമനുസരിച്ച് ആതിഥേയ ടീമിന് ടോസിങ് നല്‍കുന്നത് വഴി, ഹോം ടീമുകള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് പിച്ചുകള്‍ തയാറാക്കാനുള്ള അവസരം ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us