ലണ്ടന്‍: രാജ്യം തോറ്റ് തലതാഴ്ത്തി മടങ്ങിയടത്ത് തലയുര്‍ത്തി രാജാവ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും നായകന് വിരാട് കോഹ്ലി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. ഓസീസ് താരം സ്റ്റീവ് സ്മിത്തിനെയാണ് വിരാട് പിന്തള്ളിയത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടുകയാണ് സ്മിത്ത്. കഴിഞ്ഞ 32 മാസമായി സ്മിത്ത് തുടരുന്ന ടെസ്റ്റ് റാങ്കിംഗിലെ അപ്രമാദിത്വമാണ് ഇതോടെ അവസാനിച്ചതു. സ്മിത്തിനേക്കാള്‍ 5 പോയന്റ് കൂടുതലാണ് കോഹ്ലിക്കുള്ളത്.
ഇതാദ്യമായാണ് കോഹ്ലി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. 2011 ല്‍ സച്ചിനുശേഷം റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍താരമാണ് കോഹ്ലിയെന്നതും നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. കൂടാതെ ഒന്നാം റാങ്കിംഗിലെത്തുന്ന ഏഴാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റ്സ്മാന്‍കൂടിയാണ് കോഹ്ലി. സച്ചിനും കോഹ്ലിക്കും പുറമെ ദ്രാവിഡ്, ഗംഭീര്‍, സെവാഗ്, ഗവാസ്കര്‍, വെംഗ്സാര്‍ക്കര്‍ എന്നിവര്‍ മാത്രമാണ് നമ്പര്‍ വണ്‍ ടെസ്റ്റ് ബാറ്റ്സ്മാന് പട്ടികയിലിരുന്നിട്ടുള്ളത്.
ഒന്നാം റാങ്കില്‍ ഏറ്റവും കൂടുതല്‍ പോയന്റ് ലഭിച്ച ഇന്ത്യന്‍ താരമെന്ന റെക്കോഡും കോഹ്ലി സ്വന്തമാക്കി. 934 പോയന്റാണ് കോഹ്ലിയ്ക്കുള്ളത്. 961 പോയന്റ് നേടിയിട്ടുള്ള സാക്ഷാല്‍ ബ്രാഡ്മാനും 947 പോയന്റുണ്ടായിരുന്ന സ്മിത്തുമാണ് ഇക്കാര്യത്തില്‍ ബഹുദൂരം കോഹ്ലിക്ക് മുന്നിലുള്ളത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയുമടക്കം 200 റണ്‍സാണ് ഇന്ത്യന്‍ നായകന് സ്വന്തമാക്കിയത്.
എഡ്ജ്ബാസ്റ്റണ് ടെസ്റ്റില്‍ 31 റണ്‍സിന് പരാജയപ്പെട്ടതോടെ തന്റെ സെഞ്ച്വറിയ്ക്ക് വിലയില്ലാതെ പോയെന്ന് വിരാട് കോഹ്ലി പറഞ്ഞിരുന്നു. വലിയ ലക്ഷ്യങ്ങളുണ്ടാകുമ്പോള് ഇതുപോലെയുള്ള ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിക്കാറില്ലെന്നായിരുന്നു ഒന്നാം ഇന്നിംഗ്സിലെ 149 റണ്‍സിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്.
”പണ്ടൊക്കെ, വ്യത്യസ്തമായ സാഹചര്യങ്ങളില്‍. വ്യത്യസ്തമായ രാജ്യങ്ങളിലൊക്കെ കളിക്കുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു. പക്ഷെ ക്യാപ്റ്റനായാല്‍ പ്രധാനം ടീമിനെ വിജയിപ്പിക്കുക എന്നത് തന്നെയാണ്. വ്യക്തിപരമായ നേട്ടങ്ങളില്‍ ശ്രദ്ധിക്കാതെ ആകുന്നതോടെ ഉള്ളിലുള്ള കഴിവ് താനെ പുറത്ത് വരും. ദീര്‍ഘനേരം കളിക്കാനും ഫോക്കസോടെ മുന്നേറാനും സാധിക്കും” ബിബിസിയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രതികരണം.