പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷമാണ് സ്മിത്ത് കളിക്കളത്തിന് പുറത്തിരുന്നത്. ഇപ്പോഴിതാ തന്റെ തിരിച്ചു വരവിലൂടെ വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി നേടുകയാണ് സ്മിത്ത്. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനോട് വരെ ഉപമിക്കുന്ന തരത്തിലാണ് സ്മിത്ത് കളിക്കുന്നത്. ആഷസ് പരമ്പരയിലൂടെ തിരിച്ചു വന്ന സ്മിത്ത് നിരവധി റെക്കോര്‍ഡുകളാണ് തിരുത്തിയത്
തിരിച്ചുവരവിലെ ഉജ്ജ്വല പ്രകടനം സ്മിത്തിനെ ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങിലും മുന്നിലെത്തിക്കുകയാണ്. താന്‍ പുറത്തിരുന്ന ഒരു വര്‍ഷത്തിനിടെ മുന്നിലെത്തിയവരെ പിന്നിലാക്കുകയാണ് സ്മിത്ത്. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിനെ പിന്തള്ളി രണ്ടാമത് എത്തിയിരിക്കുകയാണ് സ്മിത്ത്. മുന്നിലുള്ളത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ്.
Read More: ‘ആ പന്ത് അങ്ങനെ അവസാനിക്കാനല്ല ഞാൻ ആഗ്രഹിച്ചത്’; സ്മിത്തിനെ വീഴ്ത്തിയ ബൗൺസറിനെകുറിച്ച് ആർച്ചർ
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ മിന്നും പ്രകടനമാണ് സ്മിത്തിനെ റാങ്കിങ്ങില്‍ രണ്ടാമത് എത്തിച്ചത്. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ സ്മിത്ത് ലോര്‍ഡ്‌സില്‍ 92 റണ്‍സ് നേടി. ഇതോടെ വില്യംസണിനെ പിന്തള്ളിയ സ്മിത്ത് ഇന്ത്യന്‍ നായകനേക്കാള്‍ വെറും ഒമ്പത് പോയിന്റ് മാത്രമാണ് പിന്നില്‍.
ബോളര്‍മാരുടെ പട്ടികയില്‍ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയ ശ്രീലങ്കന്‍ താരം ദിമുത്ത് കരുണരത്‌നെയും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. കരുണരത്‌നെ ടോപ് പത്തിൽ ഇടം നേടി. നാല് സ്ഥാനം മുന്നോട്ട് കയറിയ ദിമുത്ത് എട്ടാമതാണ്. ദിമുത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്.