ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ അടുത്ത് തന്നെ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്ന സൂചന നൽകി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ബംഗ്ലാദേശിനെതിരായ കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ വിരാട് കോഹ്‌ലി തന്റെ പോയിന്റ് സമ്പാദ്യം 928 ആക്കി. ഒന്നാം സ്ഥാനത്തുള്ള ഓസിസ് താരം സ്റ്റീവ് സ്മിത്തിനേക്കാൾ മൂന്ന് പോയിന്റ് മാത്രം പിറകിലാണ് കോഹ്‌ലിയിപ്പോൾ.
അതേസമയം ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ ആദ്യമായി റാങ്കിങ്ങിൽ ആദ്യ പത്തിലെത്തി. ഇതോടെ ആദ്യ പത്ത് റാങ്കിൽ ഇന്ത്യൻ താരങ്ങളുടെ എണ്ണം നാലായി. 931 പോയിന്റുമായി സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്തും 928 പോയിന്റുമായി വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്തുമാണ്. മൂന്നാം സ്ഥാനത്ത് ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണാണ്. 877 പോയിന്റാണ് താരത്തിനുള്ളത്. ചേതേശ്വർ പൂജാര നാലാം സ്ഥാനത്തും അജിങ്ക്യ രഹാനെ അഞ്ചാം സ്ഥാനത്തുമാണ്. പത്ത് ടെസ്റ്റ് മത്സരത്തിനുള്ളിൽ തന്നെ പത്താം സ്ഥാനത്തേക്കെത്തിയ മായങ്കിന് 700 പോയിന്റുണ്ട്.
Also Read: തനിക്കൊരിക്കലും ഓടിത്തോൽപ്പിക്കാൻ കഴിയാത്ത ടീമംഗത്തിന്റെ പേര് വെളിപ്പെടുത്തി വിരാട് കോഹ്‌ലി
ബോളർമാരിൽ ആർ.അശ്വിൻ പത്താം സ്ഥാനം നിലനിർത്തിയപ്പോൾ പരുക്കുമൂലം മത്സരങ്ങൾ നഷ്ടമായ ജസ്‌പ്രീത് ബുംറ അഞ്ചാം സ്ഥാനത്തേക്ക് വീണു. പാറ്റ് കമ്മിൻസ്, കഗിസോ റബാഡ എന്നിവർ ഒന്നും രണ്ടും സ്ഥാനം നിലനിർത്തിയപ്പോൾ ന്യൂസിലൻഡ് താരം നെയ്ൽ വാഗ്നർ മൂന്നാം സ്ഥാനത്തേക്ക് എത്തി. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ മിന്നും പ്രകടനവുമായി തിളങ്ങിയ ഉമേഷ് യാദവും ഇഷാന്ത് ശർമയും അവരുടെ കരിയർ ബെസ്റ്റ് റാങ്കിങ്ങിലെത്തി. ഇഷാന്ത് 17-ാം സ്ഥാനത്തും ഉമേഷ് 21-ാം സ്ഥാനത്തുമാണ്.
ഓൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനം നിലനിർത്തി. വെസ്റ്റ് ഇൻഡീസ് നയകൻ ജേസൺ ഹോൾഡറാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ മത്സരങ്ങളിൽ ബാറ്റിങ്ങിൽ കാര്യമായി തിളങ്ങാതിരുന്ന അശ്വിൻ അഞ്ചാം സ്ഥാനത്തേക്ക് വീണു.