ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയെങ്കിലും താരങ്ങളുടെ റാങ്ക് പട്ടികയിൽ ഇന്ത്യയ്ക്ക് തിരിച്ചടി. ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ കോഹ്‌ലി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ പരമ്പര ഇന്ത്യയ്ക്ക് സമ്മാനിച്ച നായകൻ രഹാനെയും രണ്ടുപടി താഴേക്ക് പോയി. ബാറ്റ്സ്മാന്മാരിൽ ചേതേശ്വർ പുജാര മാത്രമാണ് നേട്ടമുണ്ടാക്കിയത്. ബോളർമാരിൽ അശ്വിനും ബുംറയും നേട്ടമുണ്ടാക്കി.

ഓസ്ട്രേലിയക്കെതിരെ അഡ്‌ലെയ്ഡിൽ നടന്ന ആദ്യ മത്സരത്തിൽ മാത്രമാണ് നായകൻ കോഹ്‌ലി കളിച്ചത്. പരമ്പര നഷ്ടമാക്കിയത് തന്നെയാണ് കോഹ്‌ലിക്ക് തിരിച്ചടിയായത്. ഏറെക്കാലം ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്ന കോഹ്‌ലിയെ മറികടന്ന് സ്റ്റീവ് സ്മിത്തും കെയ്ൻ വില്യംസണും ഒന്നാം റാങ്കിലെത്തിയിരുന്നു. ഇപ്പോൾ വില്യംസൺ 919 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്.

Also Read: ‘നീ ഞങ്ങടെ മുത്താണ്’; സിറാജിനെ സ്നേഹത്താൽ പൊതിഞ്ഞ് ബുംറ

ഇന്ത്യയ്ക്കെതിരെ തിളങ്ങിയ സ്റ്റീവ് സ്മിത്തും മാർനസ് ലബുഷെയ്നുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സ്മിത്തിന്റെ അക്കൗണ്ടിൽ 891 പോയിന്റും കോഹ്‌ലിയെ മറികടന്നെത്തിയ ലബുഷെയ്ന് 878 പോയിന്റുമാണുള്ളത്. കോഹ്‌ലിക്ക് 862 പോയിന്രുമുണ്ട്.

Also Read: ഇന്ത്യയെ ഒരിക്കലും വിലകുറച്ച് കാണില്ല, ഈ പരമ്പരയിൽനിന്നുളള പാഠം: ഓസീസ് കോച്ച്

ഓസ്ട്രേലിയക്കെതിരെ പ്രതിരോധ മതിൽ തീർത്ത് പരമ്പര നേട്ടത്തിൽ സുപ്രധാന പങ്കുവഹിച്ച ചേതേശ്വർ പുജാര ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം റാങ്കിലെത്തിയപ്പോൾ അജിങ്ക്യ രഹാനെ ഒമ്പാതം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ ഏഴാം റാങ്കിലായിരുന്നു താരം. ശ്രീലങ്കയ്ക്കെതിരെ ഇരട്ട സെഞ്ചുറിയടക്കം മിന്നും പ്രകടനം പുറത്തെടുത്ത ജോ റൂട്ടാണ് റാങ്കിൽ നേട്ടമുണ്ടാക്കിയ താരം. ആറു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ജോ റൂട്ട് ആദ്യ അഞ്ചിൽ ഇടംപിടിച്ചു.

indian cricket, ie malayalam

സിഡ്നിയിൽ സമനിലയും ബ്രിസ്ബെയ്നിൽ ജയവും നേടുന്നതിൽ തന്റെ ബാറ്റുകൊണ്ട് നിർണായക പങ്കുവഹിച്ച യുവതാരം റിഷഭ് പന്ത് 13-ാം സ്ഥാനത്തേക്ക് മുന്നേറി. ടീമിലെ പുതുമുഖങ്ങളായ ശുഭ്മാൻ ഗില്ലും മുഹമ്മദ് സിറാജും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയ മറ്റ് താരങ്ങളാണ്.

Also Read: ഭയമില്ലാതെ കളിച്ചു, ഓസീസ് ബോളർമാർക്കു മുന്നിൽ മുട്ടുമടക്കാതെ റിഷഭ് പന്ത്

ബോളർമാരിൽ ഇന്ത്യയ്ക്കെതിരായ ബോർഡർ – ഗവാസ്കർ ടൂർണമെന്റിൽ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടയുമായി തിളങ്ങിയ പാറ്റ് കമ്മിൻസ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ സ്റ്റുവർട്ട് ബ്രോഡ്, നെയ്ൽ വാഗ്നർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നിലനിർത്തി. ഇന്ത്യയ്ക്കെതിരെ തിളങ്ങിയ ജോഷ് ഹെയ്ലൽവുഡ് നാലാം സ്ഥാനത്തേക്ക് മുന്നേറിയപ്പോൾ ഇന്ത്യൻ താരങ്ങളായ ആർ അശ്വിൻ, ജസ്പ്രീത് ബുംറ എന്നിവർ ഓരോ സ്ഥാനം മെച്ചപ്പെടുത്തി എട്ട്, ഒമ്പത് റാങ്കുകളിലെത്തി.

ഓൾറൗണ്ടർമാരിലും അശ്വിൻ റാങ്ക് മെച്ചപ്പെടുത്തി. ഇന്ത്യൻ താരം ഇപ്പോൾ ആറാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സ് ഒന്നാം സ്ഥാനം നിലനിർത്തി. അതേസമയം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജഡേജ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പരുക്കുമൂലം താരത്തിന് ഓസ്ട്രേലിയക്കെതിരായ നാലാം മത്സരം കളിക്കാനായിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook