scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

ഐസിസി ടെസ്റ്റ് റാങ്കിങ്: സ്‌മിത്തിന് തിരിച്ചടി, കോഹ്‌ലിക്ക് മുന്നിൽ വില്യംസൺ

ഈ വർഷം 313 ദിവസം ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയ താരമാണ് സ്‌മിത്ത്. എന്നാൽ, ഇന്ത്യയ്‌ക്കെതിരെ ഇപ്പോൾ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ സ്‌മിത്തിന്റെ പ്രകടനം വളരെ മോശമാണ്. ഇതോടെ താരം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്‌മിത്തിന് തിരിച്ചടി. ഒന്നാം റാങ്കിൽ നിന്ന് സ്‌മിത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്ത് തുടരുന്നു. ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി.

പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരങ്ങളിലെ മികച്ച പ്രകടനമാണ് വില്യംസണെ ഒന്നാം സ്ഥാനത്തെത്തിച്ചത്. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്നു വില്യംസൺ. പാക്കിസ്ഥാനെതിരെ ഏറ്റവും അവസാനമായി കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ ന്യൂസിലൻഡിന് വേണ്ടി വില്യംസൺ 129 റൺസ് നേടിയരുന്നു. ഈ പ്രകടനമാണ് പോയിന്റ് പട്ടികയിൽ നില മെച്ചപ്പെടുത്താൻ വില്യംസണെ സഹായിച്ചത്.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് സ്‌മിത്തിനെ ഒന്നാം സ്ഥാനത്തുനിന്ന് നീക്കിയത്. ഈ വർഷം 313 ദിവസം ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയ താരമാണ് സ്‌മിത്ത്. എന്നാൽ, ഇന്ത്യയ്‌ക്കെതിരെ ഇപ്പോൾ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ സ്‌മിത്തിന്റെ പ്രകടനം വളരെ മോശമാണ്. ഇതോടെ താരം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Read Also: കോഹ്‌ലിയോ രഹാനെയോ ? സച്ചിന് പറയാനുണ്ട്

ഈ വർഷം 51 ദിവസം തുടർച്ചയായി കോഹ്‌ലിയായിരുന്നു ടെസ്റ്റ് റാങ്കിൽ ഒന്നാമത്. കോഹ്‌ലിയെ മറികടന്നാണ് സ്‌മിത്ത് നേരത്തെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അതേസമയം, ഇന്ത്യയ്‌‌ക്കെതിരെ ഓസ്‌ട്രേലിയക്ക് രണ്ട് ടെസ്റ്റ് മത്സരങ്ങൾ ശേഷിക്കുന്നുണ്ട്. ഈ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ സാധിച്ചാൽ സ്‌മിത്തിന് കോഹ്‌ലിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് എത്താം. ശേഷിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ കോഹ്‌ലി കളിക്കാത്തതും സ്‌മിത്തിന് ഗുണം ചെയ്യും.

ഓസീസിനെതിരായ രണ്ടാം ടെസ്റ്റിലെ മികച്ച പ്രകടനം അജിങ്ക്യ രഹാനെയെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തിച്ചു. ഓസീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ രഹാനെ സെഞ്ചുറി നേടിയരുന്നു. ഇന്ത്യയുടെ മറ്റൊരു ചേതേശ്വർ പൂജാര പത്താം സ്ഥാനത്തുണ്ട്.

ബൗളർമാരിൽ ഇന്ത്യയുടെ ആർ.അശ്വിൻ നില മെച്ചപ്പെടുത്തി. ഒൻപതാം സ്ഥാനത്തുനിന്ന് അശ്വിൻ ഏഴാം സ്ഥാനത്തേക്ക് എത്തി. ജസ്‌പ്രീത് ബുംറ ഒൻപതാം സ്ഥാനത്തുണ്ട്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Icc test ranking kane williamson steve smith virat kohli