സോഷ്യല്‍ മീഡിയ മുഴുവന്‍ പത്ത് വര്‍ഷം മുമ്പത്തെ ഫോട്ടോകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ടെന്‍ ഇയര്‍ ചലഞ്ചില്‍ പങ്കെടുത്തുകൊണ്ട് നിരവധി പേരാണ് തങ്ങളുടെ പത്ത് വര്‍ഷം മുമ്പുള്ള ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വൈറലായ ചലഞ്ചിലൂടെ പലരുടേയും മാറ്റം കണ്ട് അത്ഭുതപ്പെടുകയാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ കൊല്ലം പത്ത് കഴിഞ്ഞിട്ടും ഒരുമാറ്റവും വരാത്ത ചിലരുമുണ്ട്.

സോഷ്യല്‍ മീഡിയ ട്രെന്റിനൊപ്പം ചേര്‍ന്ന ഐസിസിയാണ് പത്ത് കൊല്ലം കഴിഞ്ഞിട്ടും മാറാത്ത ചിലരെ കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചലഞ്ചിന്റെ ഭാഗമായി പത്ത് വര്‍ഷം മുമ്പത്തെ റാങ്കിങ്ങുകളുടേയും ഇപ്പോഴത്തെ റാങ്കിന്റെയും ചിത്രവും ചില താരങ്ങളുടെ ചിത്രവും ഐസിസി ട്വീറ്റ് ചെയ്തിട്ടുണ്ട്.

പത്ത് വര്‍ഷം മുമ്പുള്ള ലസിത് മലിംഗയുടെ ഹെയര്‍ സ്റ്റൈല്‍ ഇപ്പോഴും മാറിയിട്ടില്ലെന്നാണ് ഐസിസിയുടെ ഒരു ട്വീറ്റ്. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ എല്ലിസ് പെരിയുടെ മാറ്റവും ഐസിസി ട്വീറ്റ് ചെയ്തിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് 17 കാരനായിരുന്ന പാക് താരം മുഹമ്മദ് ആമിര്‍ രൂപത്തില്‍ മാറിയെങ്കിലും കൈ വിരിച്ചു പിടിച്ച് കൊണ്ടുള്ള ആഘോഷ രീതി മാറിയിട്ടില്ല.

രസകരമായ മറ്റ് രണ്ട് ട്വീറ്റുകള്‍ ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ്.ധോണിയുടേയും ന്യൂസിലൻഡ് താരം റോസ് ടെയ്‌ലറുടേതുമാണ്. രണ്ടു പേരും അന്നും ഇന്നും ഒരുപോലെയെന്നാണ് ഐസിസി പറയുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ അവസാന ഓവറില്‍ സിക്‌സ് അടിച്ച് കളി ജയിപ്പിക്കുന്ന ധോണിയുടെ ചിത്രമാണ് ഐസിസി ട്വീറ്റ് ചെയ്തത്. പത്ത് വര്‍ഷം മുമ്പും ഇന്നും ധോണി ഇത് തന്നെയാണ് ചെയ്യുന്നതെന്ന് ഐസിസി പറയുന്നു.

ചില കാര്യങ്ങള്‍ക്ക് മാത്രം ഒരു മാറ്റവുമില്ലെന്നാണ് റോസ് ടെയ്‌ലറെ കുറിച്ച് ഐസിസി പറയുന്നത്. 2018 ല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളിലൊരാളാണ് മുതിര്‍ന്ന താരമായ ടെയ്‌ലര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook