കേപ്ടൗണ്‍: പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്തിനും ബാന്ക്രോഫ്റ്റിനുമെതിരെ ഐസിസിയുടെ നടപടി.
ഒരു മത്സരത്തില്‍ നിന്നും വിലക്കും മാച്ച് ഫീയുടെ നൂറ് ശതമാനവുമാണ് സ്മിത്തിനുള്ള ശിക്ഷയായി ഐസിസി വിധിച്ചത്. ഐസിസി കോഡ് ഓഫ് കണ്ടക്ടിലെ ആര്‍ട്ടിക്കള്‍ 2.1.1 പ്രകാരമാണ് സ്മിത്തിനെതിരെ നടപടി എടുത്തിരിക്കുന്നതെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടിവ് ഡേവിഡ് റിച്ചാര്ഡ്സണ് അറിയിച്ചു.
സ്മിത്ത് പിഴ അംഗീകരിച്ചിട്ടുണ്ട്. പിഴയ്ക്കും വിലക്കിനും പുറമെ നാല് ഡിമെരിറ്റ് പോയന്റും സ്മിത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ കളിക്കളത്തില്‍ ടീമംഗങ്ങള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തിയുടേയും ഉത്തരവാദിത്വം സ്മിത്ത് ഏറ്റെടുക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്മിത്തിന് പുറമെ ഓസീസ് ഓപ്പണര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനും പിഴ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാച്ച് ഫീയുടെ 75 ശതമാനമാണ് ബാന്‍ക്രോഫ്റ്റിന് ഏര്‍പ്പെടുത്തിയ പിഴ. മൂന്ന് ഡീമെരിറ്റ് പോയന്റും താരത്തിന് ലഭിക്കും. അതേസമയം വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ക്രിക്കറ്റ് ലോകം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വാര്‍ത്ത ഓസ്ട്രേലിയ ടീം പന്തില്‍ കൃത്രിമത്വം കാണിച്ചെന്നതാണ്. നായകന് സ്റ്റീവ് സ്മിത്തിന്റെ നായക സ്ഥാനം വരെ നഷ്ടമാകുന്നിടം വരെ എത്തി നില്‍ക്കുകയാണ് വിവാദം. സ്മിത്തിനൊപ്പം ഡേവിഡ് വാര്‍ണറും തന്റെ വൈസ് ക്യാപ്റ്റന്‍ രാജിവെച്ചിട്ടുണ്ട്. സ്മിത്തടക്കമുള്ള സീനിയര്‍ താരങ്ങളുടെ അറിവോടെയായിരുന്നു കൃത്രിമത്വം കാണിച്ചതെന്ന ബാന്‍ക്രോഫ്റ്റിന്റെ കുറ്റസമ്മതം ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു
ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമത്വം കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയായിരുന്നു ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്ന് ആരംഭിക്കുന്നത്. ആ ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവന്നത് സോട്ടാനി ഓസ്കാര്‍ എന്ന ക്യാമറമാനാണ്. ദക്ഷിണാഫ്രിക്കന്‍ ടെലിവിഷന്‍ ചാനലിലെ ലീഡിംഗ് ക്യാമറാമാനാണ് ഓസ്കാര്‍.