ദുബായ്: പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ജയം, ക്രിക്കറ്റ് മൈതാനത്തല്ല പുറത്താണ് ഇന്ത്യയുടെ ജയം. ഇന്ത്യ-പാക് ബൈലാറ്ററല്‍ സീരിസുമായി ബന്ധപ്പെട്ട പരാതിയിലാണ് ബിസിസിഐ പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ ജയിച്ചിരിക്കുന്നത്. ഇന്ത്യ-പാക് പരമ്പര നടക്കാത്തതിന് പിന്നില്‍ ബിസിസിഐ ആണെന്ന് കാണിച്ച് പിസിബി ഐസിസിക്ക് പരാതി നല്‍കിയിരുന്നു.

ബിസിസിഐയുടേത് നിഷേധാത്മകമായ നിലപാടാണെന്നും ബിസിസിഐ തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പിസിബി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ വാദത്തെ ഐസിസി അംഗീകരിച്ചില്ല. പാക് ബോര്‍ഡിന്റെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ച് ഐസിസി തര്‍ക്കപരിഹാര സമിതി അപ്പീല്‍ തള്ളുകയായിരുന്നു.

2014ല്‍ ഇരു ബോര്‍ഡുകളം തമ്മില്‍ ഒപ്പിട്ട കരാര്‍ അനുസരിച്ച് 2015നും 2023നും ഇടയിലുള്ള എട്ടുവര്‍ഷത്തിനുള്ളില്‍ ആറ് പരമ്പരകള്‍ കളിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ പരമ്പരകള്‍ നടന്നില്ല. ഇതിനെത്തുടര്‍ന്ന് 2014ലും 2015ലും നടക്കേണ്ടിയിരുന്ന പരമ്പരകളുടെ നഷ്ടപരിഹാരത്തുക ഇനത്തില്‍ 63 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു പാക് ബോര്‍ഡിന്റെ ആവശ്യം.

2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരകള്‍ നടന്നിട്ടില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്.

”തീരുമാനം ഇതുവരേയും വായിച്ചിട്ടില്ല. വിഷയത്തില്‍ ബിസിസിഐയുടെ നിലപാട് ശരിയാണെന്നും വിഷയത്തില്‍ അഭ്യൂഹങ്ങള്‍ക്ക് സ്ഥാനമില്ലെന്നും വ്യക്തമായിരിക്കുന്നു. ബിസിസിഐയ്ക്കും ലീഗല്‍ ടീമിനുമൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി” ബിസിസിഐ ട്രഷറര്‍ അനിരുദ്ധ് ചൗധരി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ