ദുബായ്: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും കനത്ത തോൽവി വഴങ്ങിയതോടെ ക്രിക്കറ്റ് ഭൂപടത്തിൽ ഇന്ത്യ നാണംകെട്ട് തലകുനിച്ച് നിൽക്കുകയാണ്. ലോർഡ്സിൽ തകർന്നടിഞ്ഞ ഇന്ത്യൻ ബാറ്റിങ് നിരയെ നോക്കി മൂക്കത്ത് വിരൽവയ്ക്കാത്തവർ ആരുമില്ല.

മുൻ താരങ്ങളിൽ പലരും ഈ ഇന്ത്യൻ ടീമിനെ വിമർശിച്ചും കുറ്റപ്പെടുത്തിയും രംഗത്ത് വന്നിട്ടുണ്ട്. അതേസമയം എല്ലാ സൗകര്യങ്ങളും നൽകിയിട്ടും എന്തുകൊണ്ട് തോറ്റുവെന്ന ചോദ്യമാണ് ബിസിസിഐ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയോടും വിരാട് കോഹ്‌ലിയോടും ചോദിച്ചിരിക്കുന്നത്.

ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടിയ ക്യാപ്റ്റൻ കോഹ്‌ലിയാണ് ഇന്ത്യൻ ടീമിന്റെ മുഖം രക്ഷിച്ചത്. എന്നാൽ രണ്ടാം ടെസ്റ്റിൽ അദ്ദേഹത്തിന്റെ പ്രകടനം നിരാശമാത്രം സമ്മാനിച്ചതായി. ഇതോടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്ന കോഹ്‌ലിക്ക് അത് നഷ്ടമായി. പന്തുചുരണ്ടൽ വിവാദത്തിൽ വിലക്ക് നേരിടുന്ന മുൻ നായകൻ സ്റ്റീവ് സ്മിത്ത് ഈ ഒന്നാം സ്ഥാനം തിരികെ പിടിച്ചു.

സ്‌മിത്തിന് 929 പോയിന്‍റാണുള്ളത്. ഇന്ത്യൻ നായകൻ 15 പോയിന്റ് നഷ്ടപ്പെട്ട് 919 ലെത്തി. അതേസമയം ജോ റൂട്ട് 851 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. ഒന്നാം ടെസ്റ്റിൽ 149, 51 എന്നിങ്ങനെയായിരുന്നു കോഹ്‌ലിയുടെ സ്കോർ. ഇതാണ് കോഹ്‌ലിക്ക് ഒന്നാം സ്ഥാനം തിരികെ കിട്ടാൻ സഹായിച്ചത്. ടെസ്റ്റിൽ സച്ചിൻ തെൻഡുൽക്കറിന് ശേഷം ഒന്നാം സ്ഥാനത്തെത്തുന്ന ഇന്ത്യക്കാരൻ എന്ന റെക്കോഡിനും അദ്ദേഹം അർഹമായി.

എന്നാൽ ബോളർമാരുടെ പട്ടികയിൽ കരിയറിൽ ആദ്യമായി ജെയിംസ് ആൻഡേഴ്‌സൺ 900 പോയിന്റ് നേടി. 19 പോയിന്റാണ് കഴിഞ്ഞ രണ്ട് ടെസ്റ്റുകളിൽ അദ്ദേഹം നേടിയത്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡ 882 പോയിന്റുമായി രണ്ടാം സ്ഥാനത്തും രവീന്ദ്ര ജഡേജ 849 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook