ന്യൂഡൽഹി: അജ്മൻ ഓൾ സ്റ്റാർ ലീഗുമായി ബന്ധപ്പെട്ടുയർന്ന ഒത്തുകളി വിവാദത്തിൽ ഐസിസി ഇന്ത്യയിൽ നിന്നുളള വാതുവയ്പ്പുകാരുടെയും ഇടനിലക്കാരുടെയും വിവരങ്ങൾ കൂടി തിരയുന്നു. സംഭവത്തിന് പിന്നിൽ ഇന്ത്യൻ സംഘത്തിന്റെ കൈയ്യുണ്ടോയെന്നാണ് ആലോചിക്കുന്നത്.

അജ്മൻ ഓൾസ്റ്റാർ ലീഗിന് പിന്നിൽ പ്രവർത്തിച്ചവരും ജയ്‌പൂരിലും കോട്ടയിലും നടന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ പിന്നിലും ഒരേ സംഘമാണെന്നാണ് ഐസിസിയുടെ കണ്ടെത്തൽ. ഐസിസി ആവശ്യപ്പെട്ടത് പ്രകാരം ഇത്തരക്കാരുടെ ഒരു നീണ്ട പട്ടിക ബിസിസിഐ കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് അജ്മൻ ഓൾ സ്റ്റാർ ലീഗിലെ ഒരു കളിയിലെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചത്. വിക്കറ്റുകൾ മനഃപൂർവ്വം നഷ്ടപ്പെടുത്തി ബാറ്റ്സ്മാന്മാർ മടങ്ങുന്നതാണ് കണ്ടത്.

ജയ്‌പൂരിൽ കഴിഞ്ഞ ജൂലൈയിൽ നടത്തിയ രജപുതന പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട് വാതുവച്ച 12 ലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിൽ വാക്കി ടോക്കിയിലൂടെ മൂന്നാം അംപയറും ഒത്തുകളിയുടെ ഭാഗമായിരുന്നു. ഈ സംഭവത്തിലും ഐസിസി അന്വേഷണം നടന്നിരുന്നു.

ഒരോവറിൽ പത്ത് റൺസ് ആവശ്യമായിരിക്കേ ബോളർ എതിർടീമിനെ മനഃപൂർവ്വം ജയിപ്പിക്കാൻ ശ്രമിച്ചെന്ന സംശയമാണ് രജപുതന ലീഗിന് പിടിവീഴാൻ കാരണം.

എന്നാൽ രജപുതന ലീഗിലേത് പോലെ അത്രയും മോശമായ രീതിയിലല്ല അജ്മൻ ഓൾ സ്റ്റാർ ലീഗിൽ ഒത്തുകളി നടന്നതെന്ന തോന്നലാണ് ഐസിസിക്കുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ