ഐസിസിയുടെ പുതുക്കിയ ഏകദിന റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം.‌ കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യാകപ്പിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾക്ക് റാങ്കിംഗിൽ മുന്നിലെത്താൻ സഹായകമായത്. ടൂർണമെന്റിൽ 317 റൺസ് നേടിയ രോഹിത് ശർമ്മ ബാറ്റ്സ്മാന്മാരിൽ രണ്ടാം സ്ഥാനത്തെത്തി. 342 റൺസോടെ ടൂർണമെന്റിലെ ടോപ്സ്കോററായ ധവാൻ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലെത്തി‌.

ഇതോടെ ബാറ്റിങ് റാങ്കിങിൽ ആദ്യ അഞ്ചിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ സ്ഥാനം കണ്ടെത്തി. ബാറ്റ്സ്മാന്മാരിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് ഒന്നാം സ്ഥാനത്ത്. കേദാർ ജാദവാണ് റാങ്കിങിൽ നേട്ടമുണ്ടാക്കിയ മറ്റൊരു താരം.

ബോളർമാരുടെ റാങ്കിംഗിൽ നേട്ടമുണ്ടാക്കിയത് യുവതാരം കുൽദീപ് യാദവാണ് . ടൂർണമെന്റിൽ 10 വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. കുൽദീപിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച റാങ്കാണിത്. സുസ്‍വേന്ദ്ര ചാഹൽ പതിനൊന്നാം റാങ്ക് നിലനിർത്തിയിട്ടുണ്ട്. ബോളർമാരിൽ ഇന്ത്യയുടെ തന്നെ ജസ്പ്രീത് ബുംറയുമാണ് ആദ്യ റാങ്കുകളിലുള്ളത്

എന്നാൽ ഓൾറൗണ്ടർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇന്ത്യൻ താരങ്ങളാരും ഇടം പിടിച്ചില്ല. കേദാർ ജാദവും കുൽദീപ് യാദവും ഓൾറൗണ്ടർമാരിൽ നേട്ടമുണ്ടാക്കിയ ഇന്ത്യൻ താരങ്ങൾ. കേദാർ ജാദവ് 17-ാം സ്ഥാനത്തും കുൽദീപ് യാദവ് 21-ാം സ്ഥാനത്തുമാണ്.

ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ ഒന്നാമതെത്തിയതാണ് പുതിയ റാങ്കിംഗ് പട്ടികയിലെ മറ്റൊരു ശ്രദ്ധേയ കാര്യം. ബംഗ്ലാദേശ് താരം ഷകീബ് അൽ ഹസനെ പിന്നിലാക്കിയാണ് റാഷിദ് ഈ സ്ഥാനത്തെത്തിയത്. അഫ്ഗാനിസ്ഥാന്റെ തന്നെ മുഹമ്മദ് നബിയാണ് മൂന്നാം സ്ഥാനത്ത്.

അതേ സമയം ടീം റാങ്കിംഗിൽ ഇന്ത്യ, ഇംഗ്ലണ്ടിന് താഴെ രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ