ദുബായ്: ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തകർത്ത് കിരീടം ചൂടിയതിനെ തുടർന്ന് ഐസിസി ഏകദിന റാങ്കിംഗിൽ പാക്കിസ്ഥാൻ നില മെച്ചപ്പെടുത്തി. എട്ടാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാൻ പുതിയ റാങ്കിംഗിൽ ആറാം സ്ഥാനത്തേയ്ക്ക് കയറി. ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളെ പിന്തളളിയാണ് ആറാം സ്ഥാനത്തേയ്ക്ക് പാക്കിസ്ഥാൻ എത്തിയത്.
ബംഗ്ലാദേശ് ഏഴും ശ്രീലങ്ക എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഫൈനലിൽ തോറ്റെങ്കിലും ഇന്ത്യ മൂന്നാം സ്ഥാനം നിലനിർത്തി. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ബാറ്റ്സ്മാൻമാരിൽ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്തു തന്നെ തുടരുന്നത് ഇന്ത്യൻ ആരാധകർക്ക് ആശ്വാസമാണ്. 10-ാം സ്ഥാനത്തുള്ള ശിഖർ ധവാൻ മാത്രമാണ് കോഹ്‌ലിയെ കൂടാതെ ആദ്യ പത്തിലുള്ള ഇന്ത്യൻ താരം.
ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ 180 റണ്സിനു പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാൻ കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 4 വിക്കറ്റ് നഷ്ടത്തിൽ 338 റൺസാണ് നേടിയത്. പാക്കിസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 158 റൺസിന് പുറത്താവുകയായിരുന്നു. ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുൻപ് റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാന് ഈ കിരീടം അഭിമാനനേട്ടമാണ്.
ഫൈനലിൽ സെഞ്ചുറി നേടിയ ഫഖാർ സമാനാണ് കളിയിലെ താരം. ടൂർണ്ണമെന്റിലെ ഗോൾഡൻ ബാറ്റ് ഇന്ത്യയുടെ ശിഖർ ധവാനാണ് നേടിയത്. ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഹസൻ അലിയാണ് ഗോൾഡൻ ബോൾ സ്വന്തമാക്കിയത്. ടൂർണ്ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ഹസൻ അലിയാണ് സ്വന്തമാക്കിയത്.
പാക്കിസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുർന്ന ഇന്ത്യൻ ടീമിന് തുടക്കം തന്നെ പാളി. റൺസ് എടുക്കുത്തതിന് മുൻപ് രോഹിത്ത് ശർമ്മയേയും, 5 റൺസ് എടുത്ത വിരാട് കോഹ്‌ലിയേയും വീഴ്ത്തി മുഹമ്മദ് ആമിർ ഇന്ത്യയെ വിറപ്പിച്ചു. ടൂർണ്ണമെന്റിലുട നീളം ഇന്ത്യക്കായി റൺസ് കണ്ടെത്തിയ ശിഖർ ധവാനെയും ആമിർ മടക്കിയതോടെ ഇന്ത്യ തോൽവി മണത്തു. 22 റൺസ് എടുത്ത യുവരാജ് സിങ്ങും, 4 റൺസ് എടുത്ത ധോണിയും, 9 റൺസ് എടുത്ത കേദാർ ജാദവും വിക്കറ്റുകൾ വലിച്ചെറിഞ്ഞതോടെ ഇന്ത്യ മുട്ടുകുത്തുകയായിരുന്നു.
നിശ്ചിത 50 ഓവറിൽ പാക്കിസ്ഥാൻ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് നേടി. ഫഖാർ സമാൻ (114), അസ്ഹർ അലി (59), മുഹമ്മദ് ഹഫീസ് (57) എന്നിവരാണ് പാക്കിസ്ഥാനെ മികച്ച സ്കോർ നിലയിലെത്തിച്ചത്.