ദുബായ്: ഐസിസി പുരുഷ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനം നിലനിർത്തി വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മികച്ച പ്രകടനമാണ് കോഹ്‌ലിയ്ക്ക് തുണയായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നായകസ്ഥാനം ഒഴിഞ്ഞ കോഹ്‌ലി, പ്രോട്ടീസിനെതിരായ മൂന്ന് ഏകദിനത്തിൽ നിന്ന് രണ്ട് അർദ്ധ സെഞ്ചുറി ഉൾപ്പെടെ 116 റൺസാണ് നേടിയത്.
അതേസമയം, ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ രോഹിത് ശർമ്മ പരുക്ക് മൂലം ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ കളിച്ചില്ലെങ്കിലും മൂന്നാം സ്ഥാനം നിലനിർത്തി. കോഹ്‌ലിക്ക് 836 റേറ്റിങ് പോയിന്റുകളാണ് ഉള്ളത്, രോഹിത്തിന് 801. 873 പോയിന്റുമായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമാണ് ഒന്നാം സ്ഥാനത്ത്.
ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ദക്ഷിണാഫ്രിക്കയുടെ റാസി വാൻ ഡെർ ഡസ്സൻ ആദ്യ പത്തിൽ ഇടം നേടി. 10 സ്ഥാനങ്ങൾ പിന്നിട്ട് 750 റേറ്റിംഗ് പോയിന്റുകളോടെയാണ് പത്താം സ്ഥാനത്തെത്തിയത്, ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ സെഞ്ച്വറി നേടിയ ക്വിന്റൺ ഡി കോക്കും നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി.
യഥാക്രമം 229, 218 റൺസുമായി ഡി കോക്കും വാൻ ഡെർ ഡസ്സനും ഏകദിന റൺ ചാർട്ടിൽ ഒന്നാമതെത്തി, രണ്ട് പേരും പരമ്പരയിൽ സെഞ്ചുറി നേടിയിരുന്നു. ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ മൂന്നാം സെഞ്ചുറി നേടിയ ക്യാപ്റ്റൻ ടെംബ ബവുമ 21 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 59-ാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് 51 ശരാശരിയിൽ 153 റൺസാണ് ബാവുമ നേടിയത്.
ബൗളർമാരുടെ റാങ്കിംഗിൽ ലുങ്കി എൻഗിഡിയും കേശവ് മഹാരാജും വൻ കുതിപ്പ് നടത്തി. 31.40 ആവറേജിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ എൻഗിഡി നാല് സ്ഥാനങ്ങൾ കയറി 20-ാം സ്ഥാനത്തെത്തി. അതേസമയം, നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിയാതിരുന്ന ഇന്ത്യൻ താരം ഭുവനേശ്വർ കുമാർ നാല് സ്ഥാനങ്ങൾ താഴ്ന്ന് 22-ാം സ്ഥാനത്തെത്തി. കിവിസ് താരം ട്രെന്റ് ബോൾട്ടും ഓസ്‌ട്രേലിയൻ ജോഷ് ഹേസിൽവുഡും ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുന്ന റാങ്കിങ്ങിന്റെ ആദ്യ പത്തിൽ കാര്യമായ ചലനങ്ങളൊന്നും ഉണ്ടായില്ല.
Also Read: ഗാംഗുലിക്കും ദ്രാവിഡിനും ലോകകപ്പില്ല, അവര്‍ മോശം കളിക്കാരാണോ?; കോഹ്ലിക്ക് പിന്തുണയുമായി ശാസ്ത്രി