അന്താരാഷ്ട്ര ക്രിക്കറ്റിലെ റൺ മെഷീനും ഇന്ത്യൻ നായകനുമായ വിരാട് കോഹ്‌ലിക്ക് ഐസിസി റാങ്കിങ്ങിൽ അത്യപൂർവ്വ നേട്ടം. ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ് പുറത്തുവന്നതോടെയാണ് ഇന്ത്യൻ നായകൻ അത്യപൂർവ്വ നേട്ടത്തിലേക്ക് കയറിയത്. നായകന് ഒപ്പം ഇന്ത്യൻ പേസ് ആക്രമണത്തിലെ പുതിയ വീരൻ ജസ്‌പ്രീത് ബുമ്രയും നേട്ടം കൊയ്‌തു.
ഏകദിന റാങ്കിങ്ങിൽ 900 ത്തിലേറെ പോയിന്റ് നേടിയ ഇന്ത്യൻ നായകൻ ഒന്നാം സ്ഥാനത്തേക്ക് ചുവടുവച്ചു. ടെസ്റ്റിലും 900 ത്തിലേറെ പോയിന്റുമായി റൺ മെഷീനായ വിരാട് കോഹ്‌ലി തന്നെയാണ് ഒന്നാമത്. ആറ് മൽസരങ്ങളുടെ ഏകദിന പരമ്പരയിൽ മൂന്ന് സെഞ്ചുറിയടക്കം 558 റൺസ് നേടിയതാണ് താരത്തെ ഒന്നാം സ്ഥാനത്തേക്ക് ഉയർത്തിയത്.
അതേസമയം ജസ്പ്രീത് ബുമ്രയ്ക്ക് ഒപ്പം അഫ്‌ഗാനിസ്ഥാൻ ബോളർ റാഷിദ് ഖാനും ഏകദിന ബോളർമാരിൽ ഒന്നാം സ്ഥാനത്തുണ്ട്. ഓൾ റൗണ്ടർമാരിൽ ആദ്യ അഞ്ച് താരങ്ങളിലൊരാളാകാനും റാഷിദ് ഖാന് സാധിച്ചു.
ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്‌മാന്മാൻ എബി ഡിവില്ലിയേഴ്സാണ് ഇതിന് മുൻപ് 900 ത്തിലേറെ പോയിന്റ് നേടി ഇരു ഫോർമാറ്റുകളിലും ഒന്നാം സ്ഥാനത്ത് ഒരേസമയം എത്തിയിട്ടുളളത്. ഇതുവരെ 900 ത്തിലേറെ പോയിന്റ് നേടിയ അഞ്ച് ബാറ്റ്സ്മാന്മാരിൽ ഒരാളാകാനും ഇന്ത്യൻ നായകന് സാധിച്ചു.
ടെസ്റ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ നേരത്തേ തന്നെ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ബ്രയിൻ ലാറയെ മറികടന്ന ഇന്ത്യൻ നായകൻ ഏകദിനത്തിലും ബ്രയിൻ ലാറയെ മറികടന്ന് ചരിത്രം രചിച്ചു. എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്മാരിൽ ഇന്ത്യൻ റൺ മെഷീൻ ഇപ്പോൾ ഏഴാം സ്ഥാനത്താണ്.
935 പോയിന്റുമായി വിവ് റിച്ചാർഡ്‌സൺ ഒന്നാം സ്ഥാനത്തുളള പട്ടികയിൽ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കറെ മറികടക്കാൻ കോഹ്‌ലിക്ക് ഇനി വെറും 22 പോയിന്റ് മാത്രം മതി. 1998 ലാണ് സിംബാബ്‌വേക്ക് എതിരെ മികച്ച പ്രകടനം കാഴ്ചവച്ച തെൻഡുൽക്കർ തന്റെ കരിയറിലെ ഏറ്റവും ഉയർന്ന പോയിന്റായ 887 നേടിയത്.
Read More: “എന്റെ ഒരേയൊരു….”, അനുഷ്‌കയുടെ ഓർമ്മകളിൽ വിരാട് കോഹ്ലി
ഇന്ത്യൻ സ്‌പിന്നർമാരിൽ യുസ്‌വേന്ദ്ര ചാഹലാണ് മികച്ച നേട്ടമുണ്ടാക്കിയത്. 16 സ്ഥാനങ്ങളുയർന്ന് ചാഹൽ 21-ാം സ്ഥാനത്തെത്തി. അതേസമയം ചൈനാമാൻ കുൽദീപ് യാദവ് 15 സ്ഥാനങ്ങളുയർന്ന് 47-ാം സ്ഥാനത്താണ് ഇപ്പോഴുളളത്. എട്ട് വിക്കറ്റ് നേട്ടമാണ് രണ്ട് സ്ഥാനങ്ങളുയർന്ന് ഏകദിനത്തിലെ ഒന്നാം സ്ഥാനം റാഷിദ് ഖാനുമായി പങ്കിടാൻ ജസ്പ്രീത് ബുമ്രയെ സഹായിച്ചത്.
സിംബാബ്‌വേയ്ക്ക് എതിരായ പരമ്പരയിൽ 16 വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാൻ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.