ഐസിസി ഏകദിന റാങ്കിങ്ങിൽ മേധാവിത്വം തുടർന്ന് ഇന്ത്യൻ താരങ്ങൾ. ബാറ്റ്സ്മാന്മാരിൽ വിരാട് കോഹ്‌ലിയും ബോളർമാരിൽ ജസ്‌പ്രീത് ബുംറയും ഒന്നാം സ്ഥാനം നിലനിർത്തി.

റാങ്കിങ്ങിൽ കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യൻ താരങ്ങൾ തന്നെയാണ് മുന്നിൽ. 895 പോയിന്റുകളുമായാണ് കോഹ്‌ലി ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തുണ്ട്. 2019ൽ മിന്നും പ്രകടനം പുറത്തെടുക്കുന്ന രോഹിത് നേരത്തെ ടെസ്റ്റ് റാങ്കിങ്ങിലും ആദ്യ പത്തിലെത്തിയിരുന്നു. 863 പോയിന്റുകളാണ് രോഹിത് ശർമ്മയുടെ അക്കൗണ്ടിലുള്ളത്. ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ആദ്യ പത്തിൽ ആർക്കും സ്ഥാനചലനമില്ല.

Also Read: ഇവന്‍ ഒരു റൗണ്ട് ഓടും! ദീപക് ചാഹറിന് വീണ്ടും ഹാട്രിക്, മൂന്ന് ദിവസത്തിനിടെ രണ്ടാം തവണ

പരുക്കുമൂലം മൈതാനത്ത് നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും ജസ്‌പ്രീത് ബുംറ ബോളർമാരിൽ ഒന്നാം സ്ഥാനം നിലനിർത്തി. 797 പോയിന്റുകളുമായാണ് ബുംറ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലൻഡ് താരം ട്രെന്ര് ബോൾട്ടിന് 740 പോയിന്റുണ്ട്.

അതേസമയം ഓൾറൗണ്ടർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം പിടിച്ചത് ഒരു ഇന്ത്യൻ താരം മാത്രമാണ്. 246 പോയിന്റഉകളുമായി ഹാർദിക് പാണ്ഡ്യയാണ് പത്താം സ്ഥാനത്തുള്ളത്. ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സാണ് ഒന്നാം സ്ഥാനത്ത്.

Also Read: ‘എറിയാത്ത’ പന്തിന് നോബോള്‍; അമ്പയറെ പോലും ചിരിപ്പിച്ച് പൊള്ളാര്‍ഡിന്റെ വേലത്തരം

ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ശിഖർ ധവാൻ 19-ാം സ്ഥാനത്തും മുൻ നായകൻ എം.എസ്.ധോണി 23-ാം സ്ഥാനത്തുമാണ്. കോഹ്‌ലിക്കും രോഹിത്തിനും പിന്നിൽ മൂന്നാം സ്ഥാനത്ത് പാക് താരം ബാബർ അസമാണ്. ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസ്, ന്യൂസിലൻഡ് താരം റോസ് ടെയ്‌ലർ എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ്.

ബോളർമാരിൽ നേട്ടമുണ്ടാക്കിയത് അഫ്ഗാൻ താരം മുജീബ് ഉർ റഹ്മാനാണ്. കഗിസോ ഫബാഡയെ പിന്തള്ളി താരം മൂന്നാം സ്ഥാനത്തെത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ താരം നാലാം സ്ഥാനത്തായി. പാറ്റ് കമ്മിൻസ് അഞ്ചാം സ്ഥാനം നിലനിർത്തുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook