ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾ ആധിപത്യം തുടരുന്നു. ബാറ്റ്സ്മാന്മരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത് തുടർന്നപ്പോൾ ഉപനായകൻ രോഹിത് ശർമയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം ബൗളർമാരുടെ പട്ടികയിൽ പേസർ ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തേക്ക് വീണു.

870 പോയിന്റുമായി വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ രോഹിത് ശർമയുടെ അക്കൗണ്ടിൽ 842 പോയിന്റാണുള്ളത്. പാക്കിസ്ഥാൻ താരം ബാബർ അസമാണ് മൂന്നാം സ്ഥാനത്ത്. നാലം സ്ഥാനം ന്യൂസിലൻഡ് താരം റോസ് ടെയ്‌ലർ നിലനിർത്തിയപ്പോൾ ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഓസിസ് നായകൻ ആരോൺ ഫിഞ്ച് ആദ്യ അഞ്ചിൽ ഇടംപിടിച്ചു.

ബോളർമാരിൽ ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ട് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ താരം ജസ്പ്രീത് ബുംറയെ മറികടന്ന അഫ്ഗാനിസ്ഥാന്റെ മുജീബ് ഉർ റഹ്മാൻ രണ്ടാം സ്ഥാനത്തെത്തി. ബോൾട്ടിന് 722 പോയിന്റും മുജീബിനും ബുംറയ്ക്ക് യഥാക്രമം 701ഉം 700ഉം പോയിന്റാണുള്ളത്. ക്രിസ് വോക്സാണ് നാലാം സ്ഥാനത്ത്. കഗിസോ റബാഡയും ആദ്യ അഞ്ചിലെത്തി.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ വ്യക്തിഗത റെക്കോർഡിലും നേട്ടമുണ്ടാക്കിയിരുന്നു. ടി20 ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുലും നായകൻ വിരാട് കോഹ്‌ലിയും ബാറ്റിങ് റാങ്കിങ്ങിൽ മുന്നിലെത്തി. രാഹുൽ മൂന്നാം സ്ഥാനത്തും കോഹ്‌ലി എട്ടാം സ്ഥാനത്തുമാണ്. അതേസമയം ഓൾറൗണ്ടർമാരുടെയും ബോളർമാരുടെയും പട്ടികയിൽ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരം പോലുമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook