ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ ടീമിന് തിരിച്ചടിയായി അച്ചടക്ക നടപടിയും. കുറഞ്ഞ് ഓവർ നിരക്കിന് ഇന്ത്യയ്ക്ക് പിഴയിടാക്കാൻ ഐസിസി തീരുമാനിച്ചു. മാച്ച് ഫീയുടെ 20 ശതമാനം ടീമിൽ നിന്ന് ഈടാക്കും.

50 ഓവർ പൂർത്തിയാക്കാൻ ഇന്ത്യ നാല് മണിക്കൂറും ആറ് മിനിറ്റുമെടുത്തു. മത്സരത്തിൽ 66 റൺസിനാണ് കോഹ്‌ലിപ്പട കങ്കാരുക്കളോട് പരാജയപ്പെട്ടത്. ഓസ്ട്രേലിയ ഉയർത്തിയ 375 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 308 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

മൂന്ന് മുൻനിര വിക്കറ്റുകൾ പിഴുത ഹെയ്‌സൽവുഡും ധവാന്റെയും പാണ്ഡ്യയുടെയുമടക്കം നിർണായകമായ നാല് വിക്കറ്റുകൾ വീഴ്ത്തിയ ആദം സാംബയുമാണ് ഓസ്ട്രേലിയയ്ക്ക് വിജയമൊരുക്കിയത്. ബാറ്റിങ്ങിൽ സെഞ്ചുറി നേടിയ നായകൻ ആരോൺ ഫിഞ്ചും സ്റ്റീവ് സ്മിത്തുമാണ് കങ്കാരുക്കളെ കൂറ്റൻ സ്കോറിലെത്തിച്ചത്.

ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിൽ നിരാശനാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. തങ്ങളുടെ ശരീരഭാഷ തന്നെ നിരാശപ്പെടുത്തുന്നതായിരുന്നെന്ന് മത്സരശേഷം കോഹ്‌ലി പറഞ്ഞു. തന്റെ സഹതാരങ്ങളുടെ ശരീരഭാഷയിൽ കോഹ്‌ലി അതൃപ്‌തി രേഖപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook