2019 ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മറക്കാന്‍ ആര്‍ക്കാണ് സാധിക്കുക? അത്രയേറെ വാശിയേറിയ മത്സരമായിരുന്നു ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നടന്നത്. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയ കലാശപ്പോരാട്ടത്തില്‍ വിചിത്രമായ രീതിയിലാണ് ലോകകപ്പ് വിജയിയെ കണ്ടെത്തിയത്.

കളി സമനിലയിലായപ്പോള്‍ സൂപ്പര്‍ ഓവറിലേക്ക് മത്സരം നീണ്ടു. സൂപ്പര്‍ ഓവറും സമനിലയിലായി. പിന്നീട് വിജയിയെ തീരുമാനിച്ചത് ബൗണ്ടറികളുടെ എണ്ണം നോക്കിയായിരുന്നു. അങ്ങനെയായിരുന്നു ഇംഗ്ലണ്ട് ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയതും ന്യൂസിലന്‍ഡ് കിരീട നഷ്ടത്തില്‍ കണ്ണീരൊഴുക്കിയതും.

ഇപ്പോള്‍ ഈ നിയമത്തില്‍ മാറ്റം വരുത്താനാണ് ഐസിസിസി തീരുമാനിച്ചിരിക്കുന്നത്. സൂപ്പര്‍ ഓവറും സമനിലയില്‍ കലാശിച്ചാല്‍ ബൗണ്ടറികളുടെ എണ്ണം നോക്കി വിജയികളെ പ്രഖ്യാപിക്കുന്ന നിയമം പൂര്‍ണമായി മാറ്റുകയാണ് ഐസിസി. ഇനി മുതൽ ടൂർണമെന്റുകളിലെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ സൂപ്പർ ഓവർ ടൈ ആയാൽ വിജയിയെ കണ്ടെത്താൻ വീണ്ടും സൂപ്പർ ഓവർ നടത്തും. ദുബായിൽ ചേർന്ന ഐസിസി യോഗത്തിലാണ് സുപ്രധാന തീരുമാനം.

Read Also: ‘ഞാനല്ല, വില്യംസനാണ് താരം’; പുകഴ്ത്തി ബെന്‍ സ്റ്റോക്‌സ്

ഗ്രൂപ്പ് ഘട്ടങ്ങളില്‍ സൂപ്പര്‍ ഓവറിലേക്ക് നീളുന്ന മത്സരങ്ങൾ സമനിലയിലായാല്‍ മത്സരഫലവും സമനിലയിലായിരിക്കും. ഇരു ടീമുകള്‍ക്കും തുല്യ പോയിന്റ് നല്‍കും. എന്നാല്‍, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ സൂപ്പര്‍ ഓവറിലേക്ക് പ്രവേശിക്കുകയും സൂപ്പര്‍ ഓവറും സമനിലയിലാകുകയും ചെയ്താല്‍ കൂടുതല്‍ ബൗണ്ടറികള്‍ നോക്കി വിജയിയെ പ്രഖ്യാപിക്കുന്ന രീതി ഇനിയുണ്ടാകില്ല. പകരം ഏതെങ്കിലും ടീം കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്നതുവരെ സൂപ്പര്‍ ഓവര്‍ മത്സരങ്ങള്‍ നീളും.

ജൂലൈ 14 ന് ലോർ‌ഡ്‌സിൽ നടന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ന്യൂസിലൻഡ് ഇന്നിങ്സിൽ 17 ബൗണ്ടറികൾ പിറന്നപ്പോൾ ഇംഗ്ലണ്ട് താരങ്ങൾ പായിച്ചത് 26 ബൗണ്ടറികളാണ്. സമനിലയായ മത്സരത്തിൽ ഇരു ടീമുകളും സൂപ്പർ ഓവറിൽ നേടിയത് 15 റൺസാണ്. ഇതോടെ  ബൗണ്ടറികളുടെ എണ്ണം പരിഗണിച്ച് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചു. ഇതിനെതിരെ ക്രിക്കറ്റ് താരങ്ങളും ആരാധകരും രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook