ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2019 ന് അരങ്ങുണരാന്‍ ഇനി നാളുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തില്‍ മുന്‍ ലോകകപ്പുകളിലെ മറക്കാനാവാത്ത ചില നിമിഷങ്ങളിലേക്ക് കടന്നു ചെല്ലാം, ആദ്യം എവിടെ നിന്നെന്ന ചോദ്യത്തിന് സച്ചിന് എന്നല്ലാതെ മറ്റൊരു ഉത്തരമില്ല.
ക്രിക്കറ്റില്‍ സച്ചിന് എന്ന പേരിന് തുല്യമായ മറ്റൊരു പേരില്ല. ബാറ്റിങ്ങിന്റെ പൂര്‍ണതയാണ് സച്ചിന്. ഇന്ത്യയെ കാലങ്ങളോളം, തലമുറകളെ തന്നെ മോഹിക്കാന്‍ ശീലിപ്പിച്ചവനാണ് സ്ച്ചിന്. കളി നിര്‍ത്തി നാളിത്രയായിട്ടും സച്ചിനെന്ന പേരും അത് നല്കുന്ന വികാരവും ഒരു ഇന്ത്യാക്കാരനും കൈമോശം വന്നിട്ടില്ല. ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ സച്ചിനുള്ളതാണെന്ന് ഒരു ചൊല്ലുണ്ട്. ശാന്തനും അല്‍പ്പം നാണം കുണുങ്ങിയുമായ ഈ മനുഷ്യന് ക്രിക്കറ്റ് ലോകത്ത് നേടാത്തതായി ഒന്നും തന്നെയില്ലന്നതാണ് വാസ്തം. അടിച്ച സെഞ്ചുറികളും ഫിഫ്റ്റികളും അമ്പരപ്പിക്കുന്നതാണ്.
Also Read: ലോകത്തെ ഏറ്റവും മികച്ച ബോളറെന്ന് സച്ചിന്; ദൈവത്തിന് നന്ദി പറയാന്‍ വാക്കുകളില്ലാതെ ബുംറ
എന്നിട്ടും സച്ചിന്റെ ഏറ്റവും മികച്ച ഇന്നിങ്സ് ഏതെന്ന് ചോദിച്ചാല്‍ ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക അദ്ദേഹം നേടിയ 100 ല്‍ പരം സെഞ്ചുറികളായിരിക്കില്ല. സെഞ്ചുറിക്ക് തൊട്ടരികില്‍ പലവട്ടം വീണു പോയിട്ടുള്ള താരമാണ് സച്ചിന്. അങ്ങനെയുള്ളൊരു മനുഷ്യന്റെ ഏറ്റവും മികച്ച ഇന്നിങ്സും 100 എന്ന മാന്ത്രിക സംഖ്യയിലെത്താതെ നില്ക്കുന്നു. 2003 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ നേടിയ 98 റണ്‍സാണ് സച്ചിന്റെ ഏറ്റവും മികച്ച ഇന്നിങ്സ് എന്ന് വിശ്വസിക്കുന്നവര്‍ അനവധിയാണ്. 200 റണ്‍സെന്ന സ്വപ്നം ബാലികേറാ മലയല്ലെന്ന് തെളിയിച്ച മനുഷ്യന്റെ ഏറ്റവും മികച്ച ഇന്നിങ്സ് മൂന്നക്കം പോലും തികയാത്തതാണെന്നത് വല്ലാത്തൊരു വിരോധാഭാസമാണ്.
ലോകകപ്പും സച്ചിനും തമ്മില്‍ വര്‍ണിക്കാന്‍ സാധിക്കാത്ത അത്ര അടുത്ത ബന്ധമാണുള്ളത്. അതില്‍ 2003 ലെ ലോകകപ്പും ആ 98 റണ്‍സും വേറിട്ടു നില്ക്കുന്നു. ലോകത്തെ വിസ്മയിപ്പിച്ച ഒരുപാട് ഇന്നിങ്സുകളില്‍ സച്ചിനെ പോലും ഇത്രയും തൃപ്തിപ്പെടുത്തിയ മറ്റൊരു ഇന്നിങ്സുണ്ടാകില്ല. ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെ മധുരമുണ്ട് ആ ഇന്നിങ്സ്. ഓരോ പാക്കിസ്ഥാനിയും ഓരോ ഇന്ത്യാക്കാരനും കാത്തിരിക്കുന്നതിനേക്കാള്‍ ആകാംഷയോടെ കാത്തിരിക്കുകയും തയ്യാറെടുക്കുകയും ചെയ്തിട്ടുണ്ട് ആ ഇന്നിങ്സിനായി സച്ചിന്.
Read More: ICC Cricket World Cup 2019: ഇനി ലോകകപ്പ് കാലം
ഗാംഗുലിയ്ക്ക് കീഴില്‍ അടിമുടി അഗ്രസീവായി മാറിയ ഇന്ത്യന്‍ ടീമാണ് 2003 ലോകകപ്പില്‍ കളിച്ചത്. അതുവരെ കണ്ടിരുന്ന ഇന്ത്യയായിരുന്നില്ല അത്. തന്റേടിയായ ഒരു ക്യാപ്റ്റനും അയാളെ പൂര്‍ണമായി വിശ്വസിക്കുകയും പറയുന്നത് അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തിരുന്ന ഒരു ടീമുമായിരുന്നു ഇന്ത്യ. പാക്കിസ്ഥാനും ശക്തരായിരുന്നു. വസീം അക്രം, വഖാര്‍ യൂനിസ്, ഷൊയ്ബ് അക്തര്‍, അബ്ദുള്‍ റസാഖ്, ഷാഹിദ് അഫ്രീദി, സയ്യിദ് അന്‍വര്‍, ഇന്‍സമാം ഉള് ഹഖ്, മുഹമ്മദ് യൂസുഫ്, യുനിസ് ഖാന്. ഇതിഹാസങ്ങള്‍ അണിനിരന്ന പാക് ടീമിനെ ലോകം ഭയന്നിരുന്ന കാലമാണ്.
ഒരു വര്‍ഷം നീണ്ട പരിശീലനമായിരുന്നു സച്ചിന് ഈ മത്സരത്തിനായി നടത്തിയത്. ഓരോ ബോളറേയും എങ്ങനെ നേരിടണമെന്ന് സച്ചിന് പഠിച്ചു. ഊണിലും ഉറക്കത്തിലും അതിനെ കുറിച്ച് മാത്രം ചിന്തിച്ചു. സ്വന്തം മുറിയില്‍ പോലും പരിശീലനം നടത്തി.
മാര്‍ച്ച് ഒന്നിനായിരുന്നു ക്രിക്കറ്റ് ലോകം കാത്തിരുന്ന മത്സരം. ഗ്യാലറി നിറഞ്ഞു. ഓരോ ആരാധകനും യുദ്ധമുഖത്തെ പോരാളിയെന്ന പോലെയായിരുന്നു തങ്ങളുടെ ഇഷ്ട ടീമിനായി ആരവമുയര്ത്തിയത്. ക്ഷമയോടെ ഇരുന്ന് കളി കാണുക അസാധ്യം.
പാക്കിസ്ഥാനാണ് ആദ്യം ബാറ്റ് ചെയ്തത്. സയ്യ്ദ് അന്‍വറുടെ സെഞ്ചുറിയുടെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സുമായാണ് പാക്കിസ്ഥാന് ഇന്നിങ്സ് അവസാനിച്ചത്. 126 പന്തുകളില്‍ നിന്നും 101 റണ്‍സാണ് അന്‍വര്‍ നേടിയത്. തൊട്ടു പിന്നിലുള്ള യൂനിസ് നേടിയത് 32 റണ്‍സാണ്. ഏറെക്കുറെ അന്‍വറിന്റെ ഒറ്റയാള്‍ പോരാട്ടം. പാക്കിസ്ഥാനെ പോലൊരു കരുത്തുറ്റ ബോളിങ് നിരയുള്ള ടീമിന് പ്രതിരോധിക്കാവുന്ന സ്കോറായിരുന്നു അത്. പക്ഷെ മറുവശത്തുണ്ടായിരുന്നത് സച്ചിന് രമേശ് ടെണ്ടുല്‍ക്കറായിരുന്നു.
അതുവരെ കാണാത്തൊരു ആക്രമണോത്സുകതയോടെയാണ് സച്ചിന് പാക് ബോളര്‍മാരെ നേരിട്ടത്. തന്റെ പതിവ് ശൈലി മറന്ന് തുടക്കം മുതലെ സച്ചിന് ആക്രമിച്ചു. പാക്കിസ്ഥാന്റെ പേരുകേട്ട ബോളിങ് നിര പന്തു പെറുക്കാനായി തലങ്ങും വിലങ്ങും ഓടി. സച്ചിനെ പുറത്താക്കുക എന്നത് ആ നിമിഷം പാക്കിസ്ഥാനെന്നല്ല ആര്‍ക്കും അസാധ്യമായിരുന്നു. ടെക്നിക്കിലും പവറിലും സച്ചിന് പൂര്‍ണതയായി മാറുകയായിരുന്നു. തേഡ് മാന്‍ മുകളിലൂടെ സച്ചിന് നേടിയ സിക്സ് ഇന്നും കളിയാരാധകരുടെ മനസിലെ മായാത്ത ഓര്‍മ്മയാണ്.
മത്സരത്തിന് മുമ്പ് പാക് ഇതിഹാസ താരം ഷൊയ്ബ് അക്തർ പറഞ്ഞത് താന്‍ റിഥം കണ്ടെത്തിയാല്‍ ഇന്ത്യന്‍ ബാറ്റ്സമാന്മാര് ബുദ്ധിമുട്ടുമെന്നായിരുന്നു. പക്ഷെ അക്തറിന്റെ മുന ആദ്യ ഓവറില്‍ തന്നെ സച്ചിന് ഒടിച്ചു. തേഡ് മാനിന് മുകളിലൂടേയുള്ള സിക്സടക്കം 18 റണ്‍സാണ് അക്തറിന്റെ ആദ്യ ഓവറില്‍ നേടിയത്. ഇതോടെ തങ്ങളുടെ ഏറ്റവും അപകടകാരിയായ ബോളറെ പോലും പാക്കിസ്ഥാന് പിന്‍വലിക്കേണ്ടി വന്നു.
സച്ചിന്റെ കൂട്ടാളി, സച്ചിന്റെ ആക്രമണോത്സുകതയെ അനുകരിച്ച് ബാറ്റിങ് തുടങ്ങിയ സെവാഗായിരുന്നു. ഇരുവരും ചേര്‍ന്ന് ആദ്യ അഞ്ച് ഓവറില്‍ തന്നെ 50 റണ്‍സ് നേടി. പക്ഷെ തൊട്ടു പിന്നാലെ സെവാഗിനേയും ഗാംഗുലിയേയും തുടരെ തുടരെ പുറത്താക്കി യുനിസ് ഖാന് ഇന്ത്യയ്ക്ക് മറുപടി നല്കി. കളി ഇന്ത്യയ്ക്ക് പ്രതികൂലം. സച്ചിന് ഉള്‍വലിയുമെന്ന് സ്വാഭാവികമായി എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ സച്ചിന് അതിന് കൂട്ടാക്കിയില്ല. പകരം കൂടുതല്‍ അക്രമകാരിയായി മാറി. 32 റണ്‍സിലെത്തി നില്‍ക്കെ സച്ചിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം പാക്കിസ്ഥാന് ലഭിച്ചിരുന്നു. പക്ഷെ, രസാഖ് പന്ത് താഴെയിട്ടു. കാലം പോലും സച്ചിന് തുണയായി മാറുകയായിരുന്നു.
Also Read: ‘മികച്ച ടീമാണ്, പക്ഷെ…’; ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ കുറിച്ച് ജോണ്ടി റോഡ്സ്
37 പന്തുകളില്‍ നിന്നും സച്ചിന് അര്‍ധ സെഞ്ചുറി നേടി. പാക്കിസ്ഥാന് ഓരോ പന്തിലും സച്ചിനായി മൈതാനത്ത് വല വിരിച്ചു. ഓരോ തവണയും അതില്‍ പഴുതുകളുണ്ടാക്കിയെടുത്ത് പന്ത് അതിര്‍ത്തിയിലേക്ക് കടത്തി വിട്ടു സച്ചിന് മുന്നേറി. മുഹമ്മദ് കൈഫുമായി ചേര്‍ന്ന് 102 റണ്‍സാണ് സച്ചിന് കൂട്ടിച്ചേര്ന്നത്. ഇന്നിങ്സ് അവസാനത്തിലേക്ക് അടുക്കും തോറും സ്ട്രൈക്കിനായി സച്ചിന് കൂടുതല്‍ ആവേശത്തോടെ ഓടി. ആ ഡ്രൈവുകളില്‍ ലോകം മതി മറന്ന് കൈയ്യടിച്ചു. അതില്‍ കടുത്ത പാക് ആരാധകര്‍ പോലുമുണ്ടായിരുന്നു.
ഇതിനിടെ പരുക്ക് വില്ലനായി എത്തി. പക്ഷെ സച്ചിന് തോല്ക്കാന് തയ്യാറായിരുന്നില്ല. ഒടുവില്‍ 74 പന്തുകളില്‍ നിന്നും 98 റണ്‍സുമായി നില്‍ക്കെ അക്തറിന്റെ പ്രതികാരം നടപ്പിലായി. യുനിസിന് ക്യാച്ച് നല്കി സച്ചിന് മടങ്ങി. പിന്നാലെ ദ്രാവിഡും യുവരാജും ചേര്‍ന്ന് അനായാസം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അന്ന് മറ്റെന്തിനേക്കാളും കളി ഫിനിഷ് ചെയ്യാന്‍ സച്ചിന് ആഗ്രഹിച്ചിരുന്നുവെന്നതാണ് വാസ്തവം. തന്റെ ഇന്നിങ്സിനെ കുറിച്ച് സച്ചിന് പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്,
”ഇതെന്റെ ദിവസമായിരുന്നു. തുടക്കം മുതലെ ആക്രമിക്കാന്‍ കഴിഞ്ഞു. ചില സമയത്ത് തുടക്കത്തിലേ നന്നായി കളിക്കാനാകും. ഒരുപാട് സമയമുണ്ടായിരുന്നതായി തോന്നി. അതുകൊണ്ടാകാം 150 കിലോമീറ്റര്‍ വേഗതയുള്ള പന്തുപോലും 130 കിലോമീറ്റര്‍ വേഗതയുള്ളതായേ തോന്നിയുള്ളൂ”.