ലണ്ടൻ: ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. ആറ് വിക്കറ്റിന് കിവികളോട് അടിയറവ് പറഞ്ഞെങ്കിലും ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താനാകുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ധോണിയുടെയും പാണ്ഡ്യയുടെയും ജഡേജയുടെയും പ്രകടനം നിർണായകമായെന്നും വിരാട് കോഹ്‌ലി കൂട്ടിച്ചേർത്തു.

“മികച്ച വെല്ലുവിളിയാണ് ന്യൂസിലൻഡ് ഉയർത്തിയത്. ഇംഗ്ലണ്ട് സാഹചര്യങ്ങളിൽ ഇങ്ങനെയും സംഭവിക്കാം. 50 റൺസിൽ നാല് വിക്കറ്റ് വീഴുകയും പിന്നീട് 180 റൺസിൽ എത്തുകയും ചെയ്തത് നേട്ടമാണ്. ഹാർദിക് പാണ്ഡ്യ റൺസ് കണ്ടെത്തിയതും ധോണി സമ്മർദ്ദം കുറച്ചതും ജഡേജയുടെ അർധസെഞ്ചുറിയും ഗുണകരമായി,” കോഹ്‌ലി പറഞ്ഞു.

ഇന്ത്യൻ ബോളിങ്ങ് നിരയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെന്ന് കോഹ്‌ലി പറഞ്ഞു. ഇന്ത്യ ഉയർത്തിയ 180 റൺസ് ന്യൂസിലൻഡ് 37.1 ഒവറിൽ മറികടക്കുകയായിരുന്നു. മുന്നേറ്റ തകഞ്ഞന്നടിഞ്ഞപ്പോൾ ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ തിരികെ കൊണ്ടു വരുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. ധോണി 42 പന്തുകള്‍ നേരിട്ട് 17 റണ്‍സാണെടുത്തത്. ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാമനായി എത്തി 37 പന്തില്‍ 30 റണ്‍സ് നേടി.

അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജ മികച്ച ചെറുത്തു നില്‍പ്പ് നടത്തിയതും ഇന്ത്യക്ക് ഗുണകരമായി. 50 പന്തുകളില്‍ 54 റണ്‍സാണ് ജഡേജ നേടിയത്. കുല്‍ദീപ് യാദവ് 36 പന്തില്‍ 19 റണ്‍സുമായി ജഡേജയ്ക്ക് പിന്തുണ നല്‍കി.

നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. 6.2 ഓവര്‍ എറിഞ്ഞ ബോള്‍ട്ട് 33 റണ്‍സ് വിട്ടു കൊടുത്താണ് നാല് വിക്കറ്റെടുത്തത്. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍,കെഎല്‍ രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ വിക്കറ്റുകളാണ് ബോള്‍ട്ട് നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook