ICC Cricket World Cup 2019,England Complete Squad: ഇത്തവണ ലോകകപ്പ് നേടാന്‍ ഏറ്റവും അധികം സാധ്യതയുള്ള ടീമായി വിലയിരുത്തപ്പെടുന്നവരാണ് ഇംഗ്ലണ്ട്. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിലേക്ക് ഒരു ലോകകപ്പ് പോലും ഇതുവരെ എത്തിക്കാന്‍ സാധിച്ചിട്ടില്ല. അതിനുള്ള ഏറ്റവും മികച്ച അവസരമാണ് ഇത്. ഇയാന്‍ മോര്‍ഗന്റെ നേതൃത്വത്തിലിറങ്ങുന്ന ഇംഗ്ലണ്ട് അസാധ്യ ഫോമിലാണ് കളിക്കുന്നത്. ബാറ്റിങ്ങിലാണ് ടീമിന്റെ കരുത്തെങ്കിലും എല്ലാ മേഖലകളിലും മികവ് തെളിയിച്ചവരാണ് ഇംഗ്ലീഷ് പട.

Also Read:ലോകകപ്പ് ഓര്‍മകള്‍; എങ്ങനെ മറക്കും ആ ‘ഗംഭീര’ ഇന്നിങ്‌സ്?
ലോകകപ്പിന് മുന്നോടിയായി 15 അംഗ സാധ്യതാ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ വിശ്വപോരാട്ടത്തിന് മുന്നോടിയായി പാക്കിസ്ഥാനും അയര്‍ലാന്‍ഡിനുമെതിരായ മത്സരങ്ങള്‍ക്ക് ശേഷമായിരിക്കും അന്തിമ ടീം തിരഞ്ഞെടുക്കുക. ഈ പരമ്പരകളില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് ടീമിലിടം നേടാന്‍ സാധ്യതയുണ്ടെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ടീം പ്രഖ്യാപന വേളയില്‍ പറഞ്ഞിരുന്നു. ഓള്‍ റൗണ്ടര്‍ ജോഫ്ര ആര്‍ച്ചര്‍ ഈ സാധ്യത മുതലെടുക്കാന്‍ കഴിയുന്ന താരമാണ്. പാകിസ്ഥാനും അയര്‍ലാന്‍ഡിനുമെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ആര്‍ച്ചറെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവച്ചാല്‍ ആര്‍ച്ചറിന് ലോകകപ്പ് ടീമിലെത്താന്‍ സാധിക്കും. മെയ് 23 ആണ് ലോകകപ്പിനുള്ള ടീം തിരഞ്ഞെടുക്കാനുള്ള അവസാന തിയ്യതി.

ICC World Cup 2019,England Squad: അവിശ്വസനീയ ഫോമിലുള്ള ബാറ്റിങ് നിര

മൂന്ന് വട്ടം ഫൈനിലെത്തിയിട്ടും കിരീടം നേടാനാകാതെ പോയവരാണ് ഇംഗ്ലണ്ട്. കന്നി കീരീടം എന്ന വര്‍ഷങ്ങളുടെ മോഹം ഇക്കൊല്ലം കൈയ്യെത്തിപ്പിടിക്കാന്‍ ആവുമെന്നാണ് ഇംഗ്ലണ്ട് വിശ്വസിക്കുന്നത്. ആ വിശ്വാസത്തിന് കരുത്ത് പകരുന്ന പ്രധാന ഘടകം ബാറ്റിങ് നിരയുടെ മിന്നും ഫോമാണ്. ഇത്ര നാള്‍ ഇത്ര സ്ഥിരതയോടെ ബാറ്റ് വീശുന്നൊരു മുന്‍നിര ലോകകപ്പിനെത്തുന്ന മറ്റൊരു ടീമിനും അവകാശപ്പെടാനുണ്ടാകില്ല. ജോണി ബെയര്‍സ്‌റ്റോ, ജെയ്‌സണ്‍ റോയ്, ജോ റൂട്ട്, ജോസ് ബട്‌ലര്‍, ഇയാന്‍ മോര്‍ഗന്‍. ഇതുപോലാരു അഗ്രസീവായ ബാറ്റിങ് നിര ഏതൊരു ടീമിന്റെ ആത്മവിശ്വാസം വളര്‍ത്തുന്നതാണ്.
Read More: ICC Cricket World Cup 2019: ഇനി ലോകകപ്പ് കാലം
ക്യാപ്റ്റനെന്ന നിലയില്‍ മോര്‍ഗന് കഴിഞ്ഞ തവണത്തെ പിഴവിന് ഇത്തവണ കിരീടം കൊണ്ട് മറുപടി പറയേണ്ടതുണ്ട്. 2015 ലെ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലാണ് ഇംഗ്ലണ്ട് മടങ്ങിയത്. ഇത്തവണ രണ്ടും കല്‍പ്പിച്ചെത്തുന്ന ഇംഗ്ലണ്ടിന്റെ കളി ശൈലിയിലടക്കം അടിമുടി മാറ്റം വന്നിട്ടുണ്ട്. അഗ്രസീവ്‌നെസ് എന്നു വിളിക്കാമെങ്കിലും ലക്ഷ്യ ബോധമില്ലാതെ അടിച്ചു കളിക്കുന്നതല്ല ഇംഗ്ലണ്ടിന്റെ രീതി. തുടക്കം മുതലെ ആക്രമിച്ചു കളിക്കും. ഇതിനിടെ വിക്കറ്റ് നഷ്ടപ്പെടുത്താതെ നോക്കാനും സാധിക്കുന്നുണ്ട്. കഴിഞ്ഞ ലോകകപ്പിന് ശേഷം ഇംഗ്ലണ്ടോളം വളര്‍ന്ന മറ്റൊരു ടീമുണ്ടാകില്ല. 2007 ലെ ലോകകപ്പില്‍ നിന്നും ആദ്യ ഘട്ടത്തില്‍ നിന്നു തന്നെ മടങ്ങി 2011 ലോകകപ്പില്‍ ചാമ്പ്യന്മാരായി ഇന്ത്യ മറുപടി നല്‍കിയത് ഓര്‍ക്കുന്നുണ്ടാകും ഇപ്പോള്‍ മോര്‍ഗനും സംഘവുമെന്നുറപ്പാണ്.

കഴിഞ്ഞ ലോകകപ്പിന് ശേഷമുള്ള കണക്കുകള്‍ നോക്കിയാല്‍ തന്നെ ഇംഗ്ലണ്ടിന്റെ വളര്‍ച്ച മനസിലാകും. കളിച്ച 80 കളികളില്‍ 34 എണ്ണത്തിലും 300 ന് മുകളില്‍ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. അതില്‍ തന്നെ 51.6 ശതമാനം ബൗണ്ടറികളും. ബെയര്‍സ്‌റ്റോയും ബട്‌ലറും അമ്പരപ്പിക്കുന്ന ഫോമിലാണ് ബാറ്റ് വീശുന്നത്. ഒന്നു മിന്നിയ ശേഷം കെട്ടുപോകുന്നതിന് പകരം നിന്ന് കത്താന്‍ സാധിക്കുന്നുവെന്നതാണ് ഇരുവരുടേയും ഇന്നിങ്‌സുകളുടെ പ്രത്യേകത. ബെയര്‍‌സ്റ്റോയും റോയിയുമാണ് ഓപ്പണര്‍മര്‍. രണ്ടു പേരും ചേര്‍ന്ന് തുടങ്ങി വെക്കുകയും പിന്നാലെ വരുന്ന റൂട്ടും മോര്‍ഗനും ബട്‌ലറും മോയിന്‍ അലിയും അതേറ്റെടുക്കുകയും ചെയ്യുന്നതാണ് രീതി. ബെയര്‍സ്‌റ്റോയും ബട്‌ലറും ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനങ്ങളുടെ ആവേശത്തിലാണ് ലോകകപ്പിനെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ലോകകപ്പിന് തൊട്ടു മുമ്പ് നടക്കുന്ന പാക്കിസ്ഥാനെതിരായ പരമ്പരയില്‍ അടിച്ചു തകര്‍ത്താണ് ലോക ഒന്നാം നമ്പറുകാര്‍ അവസാന തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കുന്നത്.

ICC World Cup 2019,England Squad: കുന്തമുനയില്ലാത്ത ബോളിങ് നിര

ബാറ്റിങ്ങിലെ പോലെ ആരേയും പേടിപ്പിക്കുന്ന താരനിര ഇല്ലെന്നതാണ് ഇംഗ്ലണ്ടിന്റെ ബോളിങ് നിരയെ ദുര്‍ബലപ്പെടുത്തുന്നത്. ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളില്‍ വിരാട് കോഹ്ലി എന്ന ബാറ്റ്‌സ്മാനോളം തന്നെ പ്രധാനപ്പെട്ടതാണ് ജസ്പ്രീത് ബുംറ എന്ന ബോളര്‍. എന്നാല്‍ ഇതല്ല ഇംഗ്ലണ്ടിന്റെ അവസ്ഥ. അതും സ്വന്തം നാട്ടിലെ സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ ഇംഗ്ലണ്ടിന് തിരിച്ചടിയാകും. ബെന്‍ സ്‌റ്റോക്ക്‌സും ലിയാന്‍ പ്ലങ്കറ്റും മാര്‍ക്ക് വുഡും ഡേവിഡ് വില്ലിയുമാണ് പേസ് നിരയിലുള്ളത്. സ്റ്റോക്ക്‌സ് പണ്ടത്തേത് പോലെ അത്ര വിനാശകാരിയല്ല ഇപ്പോള്‍. ബുംറയെപോലെയോ റബാഡയെ പോലെയോ കംപ്ലീറ്റ് പേസറുമല്ല. അതേസമയം, ബാറ്റുകൊണ്ടും ബോളുകൊണ്ടും കളിയുടെ ഗതി മാറ്റി വിടാനുള്ള സ്‌റ്റോക്ക്‌സിന്റെ കഴിവിനെ ചെറുതായി കാണാനും സാധിക്കില്ല.
Also Read: ലോകകപ്പ് ഓര്‍മ്മകള്‍: സച്ചിന്റെ 98, മൂന്നക്കം കടക്കാതിരുന്ന ‘ക്രിക്കറ്റിന്റെ പൂര്‍ണത’
മോയിന്‍ അലിയും ആദില്‍ റാഷിദുമാണ് സ്പിന്‍ ബോളര്‍മാരായുള്ളത്. രണ്ടു പേരും വിക്കറ്റ് ടേക്കര്‍മാരാണെന്നത് ഇയാന്‍ മോര്‍ഗന് ആശ്വാസം പകരുന്നതാണ്. മോയിന്‍ അലിയ്ക്ക് ബാറ്റിങ്ങും വഴങ്ങുമെന്നത് മുതല്‍ക്കൂട്ടാണ്. ഇതിനേക്കാളുപരി സ്വന്തം മണ്ണിലാണ് കളി നടക്കുന്നതെന്നത് ഇംഗ്ലണ്ടിന്റെ മോഹങ്ങള്‍ക്ക് ചിറകു നല്‍കുന്ന വസ്തുതയാണ്. വനിതാ ലോകകപ്പില്‍ പോലും ഗ്യാലറി നിറച്ച ആരാധകര്‍ ഒരു സീറ്റു പോലും ഒഴിച്ചിടാതെ ത്ങ്ങളുടെ ടീമിനെ പിന്തുണയ്ക്കാനെത്തും. പിച്ചുകളും സുപരിചിതം. ഇപ്പോഴല്ലെങ്കില്‍ പിന്നൊരിക്കലുമില്ലെന്ന സാഹചര്യം. മെയ് 30ന് ലോകകപ്പ് 2019 ന്റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. തുടക്കത്തില്‍ തന്നെ കരുത്തരായൊരു ടീമിനെ നേരിടാന്‍ കഴിയുന്നുവെന്നതും ഇംഗ്ലണ്ടിന്റെ സാധ്യതകളെ കുറിച്ച് വ്യക്തമായൊരു ചിത്രം നല്‍കുന്ന ഘടകമാണ്. കാത്തിരിക്കാം ലോകകപ്പ് ക്രിക്കറ്റിന്റെ തറവാട്ടിലേക്ക് എത്തുമോ എന്നറിയാന്‍.

ഇംഗ്ലണ്ട് ടീം

ഇയാന്‍ മോര്‍ഗണ്‍ (C), ജോണി ബെയര്‍സ്‌റ്റോ, ടോം കറന്‍, ലിയാം പ്ലങ്കറ്റ്, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്ക്‌സ്, ക്രിസ് വോക്‌സ്, മോയിന്‍ അലി, ജോസ് ബട്‌ലര്‍, ജോ ഡെന്‍ലി, ആദില്‍ റാഷിദ്, ജെയ്‌സണ്‍ റോയി, ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്.

ഏകദിന റാങ്കിങ്: 1

ലോകകപ്പില്‍: മൂന്ന് വട്ടം രണ്ടാം സ്ഥാനക്കാര്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook