ദുബായ്: 2025ൽ പാകിസ്ഥാനിൽ ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഒരു ടീമിനും എതിർപ്പുണ്ടാകില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഐസിസി. തങ്ങൾ ഇതുവരെ മനസ്സിലാക്കിയിടത്തോളം ടീമുകൾ പാകിസ്ഥാനിൽ കളിക്കുമെന്ന് ഐസിസി അധ്യക്ഷൻ ഗ്രെഗ് ബാർക്ലേ പറഞ്ഞു.
2009ൽ ലാഹോറിൽ വെച്ച് ശ്രീലങ്കൻ ടീം ബസിനു നേരെ തീവ്രവാദി ആക്രമണം ഉണ്ടായതിൽ പിന്നാലെ പാകിസ്ഥാനിൽ അന്താരാഷ്ട്ര മത്സരങ്ങൾ നടന്നിരുന്നില്ല. അടുത്തിടെയാണ് രാജ്യത്ത് വീണ്ടും അന്തരാഷ്ട്ര മത്സരങ്ങൾ ആരംഭിച്ചത്. അങ്ങനെയാണ് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഐസിസി മത്സരങ്ങളുടെ ഷെഡ്യുളിൽ 2025 ലെ ചാമ്പ്യൻസ് ട്രോഫി വേദിയായി പാകിസ്ഥാനെ തീരുമാനിച്ചത്.
ഏകദേശം മൂന്ന് ദശകങ്ങൾക്ക് ശേഷമാണ് പാകിസ്ഥാൻ ഒരു പ്രധാന ഐസിസി ടൂർണമെന്റിന് വേദിയാകുന്നത്. ശ്രീലങ്കക്ക് ഒപ്പം ആതിഥേയത്വം വഹിച്ച 1996ലെ ലോകകപ്പാണ് പാകിസ്ഥാനിൽ നടന്ന അവസാന പ്രധാന ഐസിസി ടൂർണമെന്റ്.
“വർഷങ്ങൾക്ക് ശേഷം ഐസിസി ക്രിക്കറ്റ് ടൂർണമെന്റ് പാകിസ്ഥാനിൽ തിരിച്ചെത്തുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ സംഭവിച്ചതൊഴിച്ചാൽ എല്ലാം ഒരു പ്രശ്‌നവുമില്ലാതെ മുന്നോട്ട് പോയി, ”ഐസിസി സിഇഒ ജിയോഫ് അലാർഡിസിനൊപ്പം എത്തിയ ബാർക്ലേ കൂട്ടിച്ചേർത്തു.
സെപ്റ്റംബറിൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ന്യൂസീലൻഡും ഇംഗ്ലണ്ടും പാകിസ്ഥാൻ പര്യടനത്തിൽ നിന്നും പിന്മാറിയിരുന്നു. അവിടെ മത്സരങ്ങൾ നടത്തുന്നതിൽ ഐസിസിക്ക് ആത്മവിശ്വാസം ഇല്ലായിരുന്നെങ്കിൽ വേദിയായി നിശ്ചയിക്കിലായിരുന്നു എന്ന് ബാർക്ലേ പറഞ്ഞു.
Also Read: അവസാന പന്തിൽ ഷാരൂഖ് ഖാന്റെ കൂറ്റൻ സിക്സ്, മുഷ്‌താഖ് അലി കിരീടം നേടി തമിഴ്നാട്; വീഡിയോ
“2025 ഇനിയും ആയിട്ടില്ല, എല്ലാ രാജ്യങ്ങളും ചെയ്യേണ്ടത് പോലെ, അവർ കൃത്യമായ സുരക്ഷാ പദ്ധതികൾ കൊണ്ടുവരികയും എല്ലാ ഉറപ്പുകളും പാലിക്കുമെന്ന് ഉറപ്പുണ്ട്” അതുകൊണ്ട് അതുകൊണ്ട് ഞങ്ങൾ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ തീരുമാനിച്ചു. ബാർക്ലേ പറഞ്ഞു.
എന്നാൽ ഇന്ത്യ പാകിസ്ഥാനിൽ കളിക്കുന്ന കാര്യം ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. രണ്ടു രാജ്യങ്ങൾക്കും ഇടയിലെ നയതന്ത്രപരമായ പ്രശ്നങ്ങൾ കാരണം 2012നു ശേഷം ഇരുടീമുകളും തമ്മിൽ പരമ്പരകൾ ഒന്നും നടന്നിട്ടില്ല. ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കളിക്കുന്നത് സംബന്ധിച്ച് സമയമാകുമ്പോൾ തീരുമാനം എടുക്കും എന്നായിരുന്നു കായിക മന്ത്രി അനുരാഗ് താക്കൂർ കഴിഞ്ഞ ആഴ്ച പറഞ്ഞത്.
അത് പരിഹരിക്കാൻ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സമ്മതിച്ച ബാർക്ലേ, ക്രിക്കറ്റ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തട്ടെ എന്ന പ്രതീക്ഷയും പങ്കുവെച്ചു.