കായിക പോരാട്ടമാണെങ്കിലും കണക്കിലെ കളികളാണ് ക്രിക്കറ്റിൽ വിജയികളെ നിശ്ചയിക്കുന്നത്. കണക്കിലെ കൗതുകങ്ങളും പലപ്പോഴും വാർത്തയായിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനം പുരോഗമിക്കുമ്പോൾ കണക്കും കളിയും കലണ്ടറും ചേർത്ത് രസകരമായ ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഐസിസി. ഇന്ത്യ-വിൻഡീസ് ടി20 പരമ്പരയിലെ മത്സരം നടന്ന തീയതികളും ടീമുകൾ വിജയിച്ച മാർജിനുകളും കൂട്ടിച്ചേർത്താണ് ട്വീറ്റ്.

Also Read: കോഹ്‌ലിയെ പുറത്താക്കിയിട്ടും നോട്ട്ബുക്ക് സെലിബ്രേഷന് ‘നോ’ പറഞ്ഞ് വില്യംസ്

ഡിസംബർ ആറിന് നടന്ന ആദ്യ ടി20 മത്സരത്തിൽ ഇന്ത്യൻ വിജയം ആറു വിക്കറ്റിനായിരുന്നു. എട്ടിന് തിരുവനന്തപുരം കാര്യവട്ടത്ത് നടന്ന രണ്ടാം മത്സരത്തിൽ വിൻഡീസ് ഒപ്പമെത്തിയത് എട്ട് വിക്കറ്റ് ജയവുമായി. എങ്കിൽ 11ന് മുംബൈയിൽ നടക്കുന്ന മൂന്നാം ടി20 മത്സരത്തിന്റെ ഫലമെന്തായിരിക്കുമെന്ന് ഐസിസി ട്വീറ്റിലൂടെ ക്രിക്കറ്റ് ആരാധകരോട് ചോദിക്കുന്നു.

നാളെ മുംബൈയിലാണ് മത്സരം നടക്കുന്നത്. ഓരോ മത്സരംവീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ് ഇന്ത്യയും വിൻഡീസും. നാളെ മുംബൈയിൽ ജയിക്കുന്നവർക്ക് പരമ്പരയും സ്വന്തമാക്കാം. തുല്യശക്തികളായതിനാൽ മത്സരഫലം പ്രവചനാതീതമാണ്.

Also Read: മലയാളികളോട് ദേഷ്യപ്പെട്ട് കോഹ്‌ലി; വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ഹൈദരാബാദിൽ വിൻഡീസ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം നായകൻ വിരാട് കോഹ്‌ലിയുടെയും ഓപ്പണർ കെ.എൽ.രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിങ് മികവിലാണ് ഇന്ത്യ മറികടന്നത്. എന്നാൽ തിരുവനന്തപുരത്ത് വിൻഡീസ് കരുത്ത് കാട്ടി. ഇന്ത്യയെ 170 റൺസിന് പുറത്താക്കിയ വിൻഡീസ് 18.3 ഓവറില്‍ എട്ട് വിക്കറ്റ് ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook