ഡർബൻ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇടയിലുണ്ടായ തർക്കത്തിൽ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ഡികോക്കിനും ഓസീസ് ബാറ്റ്സ്‌മാൻ വാർണർക്കുമെതിരെ അംപയർമാരുടെ കുറ്റപത്രം. ഐസിസിയുടെ ആവശ്യപ്രകാരം സംഭവത്തിൽ അന്വേഷണം നടത്തിയ അംപയർമാരാണ് കുറ്റപത്രം സമർപ്പിച്ചത്.

ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കി വാർണർക്ക് എതിരെ ലെവൽ 2 കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അതേസമയം ഡികോക്കിന് എതിരെ ലെവൽ 1 കുറ്റം മാത്രമാണ് ഉളളത്. ഈ സാഹചര്യത്തിൽ ഡികോക്കിന് പിഴ ശിക്ഷ മാത്രമേ ലഭിക്കൂ. എന്നാൽ വാർണർക്ക് ഒരു മൽസരത്തിൽ നിന്ന് വിലക്ക് ലഭിച്ചേക്കും.

ഡ്രസിങ് റൂമിലേക്കുളള ടണലിന് അകത്തെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ഈ വാഗ്വാദം ലോകശ്രദ്ധയിൽ എത്തിയത്. “ഡർബനിൽ നടന്ന ക്രിക്കറ്റ് ടെസ്റ്റ് നിയന്ത്രിച്ച അംപയർമാർ വാർണർക്ക് ലെവൽ 2 കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഡി കോക്കിന് ലെവൽ 1 കുറ്റമാണ്,” ഐസിസി അധികൃതർ വ്യക്തമാക്കി.

മാച്ച് റഫറി ജെഫ് കോവ് ഇരുടീമുകളോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. വാർണറുടെ തെറ്റ് ഐസിസി ശരിവച്ചാൽ മാച്ച് ഫീ മുഴുവനായും പിഴയായി ഒടുക്കേണ്ടി വരും. കരിയർ പോയിന്റ് നാല് കുറയും. ഒരു ടെസ്റ്റിൽ നിന്നും രണ്ട് ഏകദിന മൽസരങ്ങളിൽ നിന്നും വിലക്കും ലഭിച്ചേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook