ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. ഞായറാഴ്ചയാണ് ഇന്ത്യ-പാക്കിസ്ഥാൻ മൽസരം. ഇതിനു മുൻപായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് ഉപദേശം നൽകിയിരിക്കുകയാണ്.

”ഇപ്പോഴത്തെ ടീമിനെതന്നെ വിരാട് കോഹ‌്‌ലി നിലനിർത്തണം. ചെയ്സിങ് ഇന്ത്യയ്ക്ക് ഇഷ്ടമാണ്. അത് നമ്മൾ ബംഗ്ലാദേശിനെതിരായ മൽസരത്തിൽ കണ്ടതാണ്. സമ്മർദം നിറഞ്ഞ കളികളിൽ കളിച്ചിട്ടുളളവരും അനുഭവ പരിചയമുളളവരുമായ താരങ്ങൾ നമുക്കുണ്ട്. ചില സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർക്ക് നന്നായിട്ട് അറിയാം. ഈ തന്ത്രമായിരിക്കും പാക്കിസ്ഥാനെതിരെ ഫലിക്കുക”.

”ബംഗ്ലാദേശിനെതിരായ മൽസരത്തിൽ ആദ്യ 10 ഓവറിൽ 4.8 റൺനിരക്ക് എന്തുകൊണ്ടാണെന്ന് ആരാധകർ ചോദിച്ചേക്കാം. രോഹിതും ധവാനും പതിയെ കളിച്ചു തുടങ്ങുന്ന കളിക്കാരാണ്. ഹാർദിക് പാണ്ഡ്യ, ധോണി, യുവരാജ്, ജഡേജ, കേദാർ ജാദവ് തുടങ്ങിയ കളിക്കാർ അവർക്കു പുറകിൽ ആയി വരാനുണ്ട്. ഇതവർ മനസ്സിലാക്കി തന്നെയാണ് ഇന്നിങ്ങിസ് തുടക്കമിടുന്നത്. ഇന്ത്യയുടെ ബാറ്റിങ് രീതി മറ്റുളളവരിൽനിന്നും തികച്ചും വേറിട്ടുളളതാണ്”.

”ഫൈനലിൽ പാക്കിസ്ഥാനെതിരെ 280 സ്കോർ ഇന്ത്യ ഉയർത്തിയാൽ അവർക്കത് നേടുക ബുദ്ധിമുട്ടായിരിക്കും. നമുക്ക് ഉയർന്ന സ്കോർ നേടാൻ തക്ക ബാറ്റ്സ്മാന്മാരുണ്ട്. കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർ കൂടി മികച്ച പ്രകടനം പുറത്തെടുത്താൽ ഇന്ത്യയ്ക്ക് അനായാസം ഈ സ്കോർ നേടാനാവും. അവർക്ക് അതിനുവേണ്ട ആത്മവിശ്വാസം നൽകേണ്ടത് കോഹ്‌ലിയാണ്. ജാദവ് നല്ലൊരു സ്പിന്നറാണ്, അതിനൊപ്പം നല്ലൊരു ബാറ്റ്സ്മാൻ കൂടിയാണ്”.

”’എന്തായാലും നല്ലൊരു ഫൈനലായിരിക്കും ഇത്തവണത്തേത്. ടൂർണമെന്റിലെ തുടക്കത്തിലെ പ്രകടനത്തെക്കാൾ മികച്ച പ്രകടനമായിരിക്കും പാക്കിസ്ഥാൻ പുറത്തെടുക്കുക. ഫൈനലിൽ തങ്ങളുടെ കരുത്ത് തെളിയിക്കാനായിരിക്കും പാക്കിസ്ഥാൻ ശ്രമിക്കുക. ഷൊയ്ബ് മാലിക്കും മുഹമ്മദ് ഹഫീസും അവരുടെ രണ്ടു മികച്ച കളിക്കാരാണ്. പാക്കിസ്ഥാനു മൽസരം വിജയിക്കണമെങ്കിൽ ഇവർ രണ്ടുപേരും ഫോമായാൽ മാത്രമേ കഴിയൂ”-രാഹുൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ