ലണ്ടൻ: ചാംപ്യൻസ് ട്രോഫിയിലെ രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. വൈകിട്ട് മൂന്നിന് ബെർമിംഗ്ഹാമിലാണ് മത്സരം. ആദ്യ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകർത്ത് പാക്കിസ്ഥാൻ ഫൈനലിൽ എത്തി.

ഇന്നത്തെ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിക്കുകയാണെങ്കിൽ വീണ്ടുമൊരു ഇന്ത്യ – പാക് മത്സരത്തിന് ഇത്തവണത്തെ ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് സാക്ഷ്യം വഹിക്കും. ഗ്രൂപ്പ് ബി യിലെ ആദ്യ മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. 164 റൺസിനായിരുന്നു ഇന്ത്യൻ വിജയം.

ഇന്ത്യൻ നിരയിൽ യുവരാജ് സിംഗിന്റെ 300ാമത്തെ ഏകദിന മത്സരമാണ് ഇന്നത്തേത്. 300 ഏകദിനങ്ങൾ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് യുവരാജ്.

അതേസമയം രണ്ടാം സെമിക്കിറങ്ങുന്ന ഇന്ത്യൻ ടീം ബംഗ്ലാദേശിനെ വില കുറച്ച് കാണുന്നില്ലെന്ന് വിരാട് കോഹ്ലി പത്രസമ്മേളനത്തിൽ പറഞ്ഞു. ക്രിക്കറ്റ് എപ്പോഴും എന്തും സംഭവിക്കാവുന്ന കളിയാണെന്നാണ് ഇന്ത്യൻ നായകൻ പറഞ്ഞത്.

ഗ്രൂപ്പ് തലത്തിൽ പാക്കിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും തകർത്ത ഇന്ത്യയ്ക്ക് ശ്രീലങ്കയോടേറ്റ തോൽവി അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. മറുവശത്ത് ഓസ്ട്രേലിയയുമായുള്ള മത്സരം ഉപേക്ഷിച്ചതും ന്യൂസിലാന്റിനെതിരെ വിജയം നേടിയതുമാണ് ബംഗ്ലാദേശിന് സെമിയിലേക്ക് വഴി തെളിച്ചത്. ഇംഗ്ലണ്ടിനെതിരെയാണ് ബംഗ്ലാദേശ് തോറ്റത്.

ആദ്യ സെമിയിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ പാക്കിസ്ഥാൻ 8 വിക്കറ്റിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 211 റൺസിന് പുറത്താവുകയായിരുന്നു. മുൻനിര ബാറ്റ്സ്മാന്മാർ പൊരുതാൻ പോലും നിൽക്കാതെ പാക് ബൗളിംഗ് നിരയ്ക്ക് മുന്നിൽ വീണു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 37ാം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് സ്കോർ മറികടക്കുകയായിരുന്നു.

ബൗളിംഗിലെ കുന്തമുനയായ മുഹമ്മദ് ആമിറിന്റെ അഭാവത്തിലും പാക് ബൗളിംഗ് നിര മികച്ച പ്രകടനം കാഴ്ചവച്ചു. 3 വിക്കറ്റ് വീഴ്ത്തിയ ഹസൻ അലിയും, 2 വിക്കറ്റ് വീതം വീഴ്ത്തിയ ജുനൈദ് ഖാനും, റുമാൻ റയീസും ഇംഗ്ലണ്ടിനെ താരതമ്യേന ചെറിയ സ്കോറിലേക്ക് ഒതുക്കി. 46 റൺസ് എടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.

ഇംഗ്ലണ്ട് ഉയർത്തിയ 212 വിജയലക്ഷ്യം നേടാൻ എത്തിയ പാക്കിസ്ഥാൻ തുടക്കത്തിലേ ആക്രമിച്ചു കളിച്ചു. കൗമാരക്കാരൻ ഫക്കർ സമൻ ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർമാരെ തിരഞ്ഞ് പിടിച്ചു ആക്രമിച്ചു. 58 പന്തിൽ 57 റൺസാണ് ഫക്കർ നേടിയത്. കരുതലോടെ കളിച്ച അസർ അലി 76 റൺസാണ് നേടിയത്. ബാബർ അസം 38 ഉം മൊഹമ്മദ് ഹഫീസ് 27 റൺസും എടുത്തു.

നാളെ നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിലെ വിജയികളെയായിരിക്കും പാക്കിസ്ഥാൻ ഫൈനലിൽ നേരിടുക.നേരത്തെ ഗ്രൂപ്പ് മത്സരത്തിൽ പാക്കിസ്ഥാനെ ഇന്ത്യ 124 റൺസിനാണ് പരാജയപ്പെടുത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ