ലണ്ടൻ: ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കെതിരായ മൽസരത്തിൽ ശ്രീലങ്കയ്ക്ക് 322 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 321 റൺസെടുത്തു. ശിഖർ ധവാൻ സെഞ്ചുറിയും (125) രോഹിത് ശർമയും (78), എം.എസ്.ധോണിയും (63) അർധ സെഞ്ചുറിയും നേടി.

rohit sharma

ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഓപ്പണർമാരായി ഇറങ്ങിയ രോഹിത് ശർമയും ശിഖർ ധവാനും ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് മികച്ച കൂട്ടുകെട്ടാണുണ്ടാക്കിയത്. എന്നാൽ ഈ കൂട്ടുകെട്ടിനെ മല്ലിങ്ക പൊളിച്ചു. മല്ലിങ്കയുടെ ബോളിങ്ങിൽ പെരേര എടുത്ത ക്യാച്ചിലൂടെ രോഹിത് (78 റൺസ്) പുറത്തായി. പിന്നാലെ ഇറങ്ങിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി റൺസൊന്നും എടുക്കാതെ മടങ്ങി. കോഹ്‌ലിക്കു പിന്നാലെ യുവരാജ് എത്തിയെങ്കിലും ഫലം കണ്ടില്ല. പാക്കിസ്ഥാനെതിരായ മൽസരത്തിൽ മികച്ച ഫോം പുറത്തെടുത്ത യുവി ഇത്തവണ നിരാശനാക്കി. ഏഴു റൺസെടുത്ത യുവിയെ ഗുണരത്നെ പുറത്താക്കി.

ms dhoni, icc champions trophy

ഇന്ത്യയുടെ രണ്ടു വിക്കറ്റുകൾ തുടരെ തുടരെ നഷ്ടമായെങ്കിലും യുവിക്ക് പിന്നാലെ ഇറങ്ങിയ എം.എസ്.ധോണി ടീമിന് പ്രതീക്ഷയേകി. ധവാന് മികച്ച പിന്തുണയേകി ധോണി കൂടെ നിന്നു. ഇരുവരുടെയും കൂട്ടുകെട്ടിൽ ഇന്ത്യൻ സ്കോർ 250 ൽ കടന്നു. പിന്നാലെ 125 റൺസുമായി നിന്ന ധവാൻ റൺ ഔട്ടിലൂടെ പുറത്തായി. എന്നാൽ അവസാന ഓവറുകളിൽ ധോണിയുടെയും കേദാർ ജാദവിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യൻ സകോർ 300 കടന്നു. ധോണി 63 റൺസും ജാദവ് പുറത്താകാതെ 25 റൺസുമെടുത്തു.

rohit sharma, icc champions trophy

ശ്രീലങ്കയ്ക്കായി മല്ലിങ്ക രണ്ടു വിക്കറ്റും പ്രദീപ്, ഗുണരത്നെ, പെരേര എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook