ബിർമിങ്ങാം: ചാംപ്യൻസ് ട്രോഫി മൽസരത്തിലെ സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ഫീൽഡിങ്. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചു. 25 ഓവർ പിന്നിടുമ്പോൾ ബംഗ്ലാദേശ് 2 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടിയിട്ടുണ്ട്. തമീം ഇക്ബാൽ അർധസെഞ്ചുറി (45) നേടി.

19 റൺസ് എടുത്ത സാബിർ റഹ്മാന്റേയും, സൗമ്യ സർക്കാരിന്റേയും വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ബുവനേശ്വർ കുമാറാണ് 2 വിക്കറ്റുകളും നേടിയത്.

ഗ്രൂപ്പ് മൽസരങ്ങളിൽ പാക്കിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും തോൽപ്പിച്ചാണ് ഇന്ത്യ സെമിഫൈനലിൽ ഇടം നേടിയത്. പാക്കിസ്ഥാനെ ഇന്ത്യ 124 റൺസിനാണു തോൽപിച്ചത്. മഴ പെയ്തതോടെ ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു വിജയം. പാക്കിസ്ഥാനെതിരെ വിജയം നേടിയെങ്കിലും രണ്ടാം മൽസരത്തിൽ ശ്രീലങ്കയോട് ഇന്ത്യ തോറ്റു. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൽസരത്തിൽ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തു. എട്ടു വിക്കറ്റിന് ലോക ഒന്നാംനമ്പർ ടീമിനെ ഇന്ത്യ തോൽപ്പിച്ചു.

നിലവിലെ ചാംപ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യയോടു കിടപിടിക്കുന്നതല്ല ബംഗ്ലാദേശ് ടീം എങ്കിലും അട്ടിമറിക്കു കെൽപ്പുളളവരാണ് ബംഗ്ല കടുവകൾ. ആദ്യമായാണ് ബംഗ്ലാദേശ് ചാംപ്യൻസ് ട്രോഫി സെമിയിലെത്തുന്നത്. ഇന്നത്തെ സെമിഫൈനലിൽ സമ്മർദം ഇന്ത്യയ്ക്കുതന്നെ ആയിരിക്കുമെന്ന് ബംഗ്ലാദേശ് മുൻ ക്യാപ്റ്റന്മാരായ മുഹമ്മദ് അഷ്റഫുളും ഹബിബുൽ ബാഷറും വ്യക്തമാക്കിയിട്ടുമുണ്ട്.

ഇന്നലെ നടന്ന ആദ്യ സെമിയിൽ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് പാക്കിസ്ഥാൻ തകർത്തിരുന്നു. ഇന്നത്തെ കളിയിൽ ജയിക്കുന്നവർ ഫൈനലിൽ പാക്കിസ്ഥാനെ നേരിടും. ഞായറാഴ്ചയാണ് ചാംപ്യൻസ് ട്രോഫി ഫൈനൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook