ലണ്ടൻ: ചാന്പ്യൻസ് ട്രോഫി കിരീടം പാക്കിസ്ഥാന്. ഇന്ത്യയെ 180 റൺസിന് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാൻ കിരീടം സ്വന്തമാക്കിയത്. 339 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ158 റൺസിന് കൂടാരം കയറി. 43 പന്തിൽ 76 റൺസ് കരസ്ഥമാക്കിയ ഹർദ്ദിക് പാണ്ഡ്യ മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതിയത്. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ആമിർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ നിശ്ചിത 50 ഓവറിൽ പാക്കിസ്ഥാൻ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് നേടി. ഫഖാർ സമാൻ (114), അസ്ഹർ അലി (59), മുഹമ്മദ് ഹഫീസ് (57) എന്നിവരാണ് പാക്കിസ്ഥാനെ മികച്ച സ്കോർ നിലയിലെത്തിച്ചത്.
ടോസ് നേടിയ ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. എന്നാൽ പാക്കിസ്ഥാന്റെ തുടക്കം മോശമായില്ല. ഫഖാർ ഖാനും അസ്ഹർ അലിയും പാക്കിസ്ഥാൻ റൺവേട്ടയ്ക്ക് തുടക്കമിട്ടു. ഇരുവരും ചേർന്നുണ്ടാക്കിയ കൂട്ടുകെട്ടിൽ പാക്കിസ്ഥാന്റെ സ്കോർനില മുന്നോട്ടു കുതിച്ചു. ഇന്ത്യൻ ബോളർമാരെ ഇരുവരും തലങ്ങും വിലങ്ങും പായിച്ചു. 22-ാം ഓവറിൽ പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റ് വീണു. വിക്കറ്റ് മാത്രമല്ല മികച്ചൊരു കൂട്ടുകെട്ട് കൂടിയാണ് തകർന്നത്. അസ്ഹർ അലിയെ ഇന്ത്യൻ താരങ്ങൾ റണ്ണൗട്ടിലൂടെ പുറത്താക്കി. അപ്പോഴേക്കും പാക്കിസ്ഥാന്റെ സ്കോർനില 128 ൽ എത്തിയിരുന്നു.
അസ്ഹർ അലിയുടെ അസാന്നിധ്യം പാക്കിസ്ഥാനെ ബാധിച്ചില്ല എന്ന വിധത്തിലായിരുന്നു പിന്നീടുളള ഫഖാർ സമാന്റെ പ്രകടനം. ബോളുകൾ സിക്സറും ഫോറും കടത്തി ഇന്ത്യൻ ടീമിനെ വീണ്ടും പ്രതിസന്ധിയിലാക്കി. സെഞ്ചുറി നേടിയ ഫഖാറിനു മുന്നിൽ ഇന്ത്യൻ ബോളർമാർക്ക് ഒന്നും ചെയ്യാനായില്ല. ഫഖാറിന് പിന്തുണയുമായി ബാബർ അസമും ഒപ്പം നിന്നു. ഒടുവിൽ ഹാർദിക് പാണ്ഡ്യയുടെ ബോളിൽ ഫഖാർ വീണു. 114 റൺസുമായി നിന്ന ഫഖാറിനെ പാണ്ഡ്യ ഒടുവിൽ ജഡേജയുടെ കൈകളിൽ എത്തിച്ചു. അതോടെ പാക്കിസ്ഥാന് നെടുതൂൺ നഷ്ടമായി. പക്ഷേ അപ്പോഴേക്കും പാക്കിസ്ഥാന്റെ സ്കോർനില 200 ൽ എത്തി.
പിന്നാലെ ഇറങ്ങിയ ഷൊയ്ബ് മാലിക് ബാബർ അസമുവായി ചേർന്ന് കൂട്ടുകെട്ടുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മാലിക്കിനെ (12) ഭുവനേശ്വർ കുമാർ പുറത്താക്കി. ബാബർ അസം 46 റൺസെടുത്ത് പുറത്തായി. കേദാർ ജാദവിനായിരുന്നു വിക്കറ്റ്. പിന്നീട് കളി മുഹമ്മദ് ഹഫീസും മാദ് വസിമും ചേർന്ന് ഏറ്റെടുത്തു. ഇരുവരും പാക്കിസ്ഥാൻ സ്കോർനില 300 ൽ കടത്തി. മുഹമ്മദ് ഹഫീസ് അർധ സെഞ്ചുറി നേടി. ഹഫീസ് പുറത്താകാതെ 57 റൺസും ഇമാദ് വസിം പുറത്താകാതെ 25 റൺസും നേടി.
ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
It's #CT17 final time!
Let's go #PAKvIND pic.twitter.com/61pZrL8Kz3
— ICC (@ICC) June 18, 2017