ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. 2007ലെ ട്വന്റി-20 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഐസിസി ടൂർണ്ണമെന്റിന്റെ കലാശപ്പോരിൽ ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിന് കളം ഒരുങ്ങിയത്. സെമിയിൽ അട്ടിമറി വീരൻമാരായ ബംഗ്ലാദേശിനെ തകർത്താണ് ഇന്ത്യൻ ടീമിന്റെ വരവ്. ആതിഥേയരായ ഇംഗ്ലണ്ടിനെ ഫൈനൽ തകർത്താണ് പാക്കിസ്ഥാന്റെ സെമി പ്രവേശനം.

ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ 124 റൺസിനാണ് ഇന്ത്യ തകർത്തത്. ആധികാരികമായ പ്രകടനമാണ് വിരാട് കോഹ്‌ലിയുടെ ടീം ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 319 റൺസാണ് നേടിയത്. ഇന്ത്യക്കായി രോഹിത്ത് ശർമ്മ, ശിഖർ ധവാൻ,വിരാട് കോ‌ഹ്‌ലി, യുവരാജ് സിങ്ങ് എന്നിവർ അർധസെഞ്ചുറി നേടിയിരുന്നു. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 164 റൺസിന് പുറത്താവുകയായിരുന്നു. വെറും 34 ഓവറിലാണ് പാക്കിസ്ഥാൻ പുറത്തായത്. 3 വിക്കറ്റ് എടുത്ത ഉമേഷ് യാദവാണ് അന്ന് പാക്കിസ്ഥാനെ തകർത്തത്.

എന്നാൽ​ ഇന്ത്യക്ക് എതിരായ തോൽവിക്ക് ശേഷം തകർപ്പൻ പ്രകടനമാണ് പാക്കിസ്ഥാൻ പുറത്തെടുത്തത്. ശ്രീലങ്കയ്ക്ക് എതിരെ പൊരുതി ജയിച്ച പാക്കിസ്ഥാൻ ഇന്ത്യക്ക് പിന്നിൽ എത്തി സെമി ബർത്ത് ഉറപ്പിക്കുകയായിരുന്നു. നായകൻ സർഫ്രാസ് അഹമ്മദിന്റെ നേത്രത്വത്തിലുള്ള യുവതാരങ്ങളാണ് പാക്കിസ്ഥാന്റെ കരുത്ത്. സെമിയിൽ കരുത്തരായ ഇംഗ്ലണ്ടിനെ എറിഞ്ഞ് വീഴ്ത്തിയാണ് ഫൈനൽ പ്രവേശനം സാധ്യമാക്കിയത്. ഹസൻ അലി, ഫക്കർ സമൻ തുടങ്ങിയ യുവതാരങ്ങളുടെ മികവിലാണ് പാക്കിസ്ഥാന്റെ സെമി പ്രവേശനം. ഓരോ മത്സരങ്ങൾ കഴിയുമ്പോഴും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുന്ന പാക്കിസ്ഥാൻ ഇന്ത്യയെ തകർക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയാകട്ടെ സൂപ്പർ താരങ്ങളുടെ ഒരു കൂട്ടം തന്നെയാണ്. വിരാട് കോ‌ഹ്‌ലി നേത്രത്വം വഹിക്കുന്ന സംഘത്തിൽ ഒരുപിടി സൂപ്പർ താരങ്ങളാണ് ഉള്ളത്. ശക്തമായ ബാറ്റിങ്ങ് നിരയാണ് ഇന്ത്യൻ ടീമിനെ കരുത്തരാക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ റെക്കോഡ് പ്രകടനം കാഴ്ചവെക്കുന്ന ശിഖർ ധവാനും, രോഹിത്ത് ശർമ്മയുമെല്ലാം തകർപ്പൻ ഫോമിലാണ്. നായകന്റെ ഉത്തരവാദിത്തത്തോടെ കളിക്കുന്ന കോ‌ഹ്‌ലി ഏതൊരു ബോളിങ്ങ് നിരയ്ക്കും വെല്ലുവിളിയാണ്.

2007ലെ ട്വന്റി-20 ലോകകപ്പിലേറ്റ പരാജയത്തിന് പകരം വീട്ടാനായിരിക്കും പാക്കിസ്ഥാൻ ഇറങ്ങുക. യുവനിരയുടെ ആവേശവും ചോരത്തിളപ്പും തന്നെയാണ് പാക്കിസ്ഥാന്റെ കരുത്ത്. കിരീടം നിലനിർത്താൻ ഇറങ്ങുന്ന ഇന്ത്യൻ ടീമിന് പേരുകേട്ട താരങ്ങൾ തന്നെയാണ് കരുത്ത്. ചിരവൈരികൾ തമ്മിലുള്ള പോരാട്ടത്തിനായി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook