കറാച്ചി: ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മൽസരം വെറും മൽസരമായി മാത്രം കാണുന്നവരാണ് ഇരുടീമിലെയും കളിക്കാർ. ഐസിസി ചാംപ്യൻസ് ട്രോഫി നേടിയ പാക്ക് ടീമിനെ വിരാട് കോഹ്‌ലി അഭിനന്ദിച്ചതും മൽസരശേഷം ഷൊയ്ബ് മാലിക്കിനും അസ്ഹർ മുഹമ്മദിനുമൊപ്പം നിമിഷങ്ങൾ ചെലവഴിച്ചതും അതേ സ്പിരിറ്റോടെയാണ്. ഇപ്പോഴിതാ ടൂർണമെന്റ് പിന്നിട്ട് ഒരാഴ്ചയോളം കഴിയുമ്പോൾ പാക്കിസ്ഥാൻ ഓപ്പണർ അസ്‌ഹർ അലിയുടെ വാക്കുകൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനം കവർന്നിരിക്കുകയാണ്.

ഫൈനലിൽ പാക്കിസ്ഥാൻ തോൽപ്പിച്ച ഇന്ത്യൻ ടീമിന് എന്തു സന്ദേശമാണ് നൽകാനുളളതെന്നായിരുന്നു അസ്ഹർ അലിയോട് മാധ്യമപ്രവർത്തകർ ചോദിച്ചത്. ”പാക്കിസ്ഥാൻ ടീം നേടിയ വിജയം ആഘോഷിക്കേണ്ടതാണ്. എന്നാൽ അദ്ഭുതകരമായ ടീമാണ് ഇന്ത്യയുടേത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് അവർ കാഴ്ച വച്ചത്”- ഇതായിരുന്നു അസ്ഹറിന്റെ മറുപടി.

ഇന്ത്യൻ ടീമിനെ താഴ്ത്തിക്കെട്ടാനുളള അവസരത്തെ ഉയർത്തിക്കാട്ടാനായി ഉപയോഗിക്കുകയാണ് അസ്ഹർ ചെയ്തത്. അസ്ഹറിന്റെ ഈ പ്രവൃത്തി ഇന്ത്യൻ ആരാധകർക്ക് അദ്ദേഹത്തോടുളള ബഹുമാനം കൂട്ടുകയും ചെയ്തു. നേരത്തെ അസ്ഹറിന്റെ മക്കൾക്കൊപ്പമുളള കോ‌ഹ്‌ലിയുടെയും യുവരാജിന്റെയും ധോണിയുടെയും ചിത്രം അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഇതിഹാസ താരങ്ങൾ തന്റെ മക്കൾക്കൊപ്പം ചിത്രം എടുത്തതിലുളള സന്തോഷവും നന്ദിയും അസ്ഹർ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ