ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ബംഗ്ളാദേശിനെ നേരിടാനിറങ്ങുകയാണ് ഇന്ത്യ. ജയിക്കുന്ന ടീം ഫൈനലിൽ പാക്കിസ്ഥാനെ നേരിടും. എന്നാൽ മത്സരത്തിന്റെ ടെൻഷനുകളൊന്നും ഇല്ലാതെ വളരെ കൂളായിട്ടിയിരിക്കുകയാണ് ഇന്ത്യൻ ടീം. പരിശീലന സമയത്ത് താരങ്ങൾ നൃത്തം ചെയ്യുന്ന ഒരു വിഡിയോയാണ് എഎൻഐ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

ബെർമിങ്ഹാമിലെ പരിശീലനത്തിനിടയ്‌ക്ക് ഇന്ത്യൻ താരങ്ങൾ നൃത്തം ചെയ്യുന്ന വിഡിയോയാണ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ശിഖർ ധവാൻ, വിരാട് കോഹ്‌ലി, യുവരാജ് സിങ് എന്നിവരാണ് പ്രധാനമായും വിഡിയോയിലുളളത്.

ഡാൻസിന് തുടക്കം വയ്‌ക്കുന്നത് ശിഖർ ധവാനാണ്. യുവരാജ് സിങ്ങും ധവാന് പിന്തുണയുമായി കൂടെ കാണാം. പിന്നീടത് കോഹ്‌ലി ഏറ്റെടുക്കുന്നു. സിംപിളും എന്നാൽ രസകരവുമായ ചുവടുകളുമായാണ് താരങ്ങൾ വിഡിയോയിലുളളത്. ഇതിനിടയിൽ എന്തോ പറഞ്ഞ് ധവാനും കോഹ്‌ലിയും ചിരിക്കുന്നതും കാണാം.

കഴിഞ്ഞ ദിവസം യുവരാജ് തന്റെ ഇൻസ്റ്റ്ഗ്രാമിലും രസകരമായ ഒരു വിഡിയോ പങ്കുവെച്ചിരുന്നു. പരിശീലനത്തിനെത്തിയ യുവരാജ് കൈ കൊണ്ട് ആക്ഷൻ കാണിച്ച് വാതിൽ തുറക്കുന്നതായിരുന്നു ആ വിഡിയോ. വിരാട് കോഹ്‌ലിയായിരുന്നു വിഡിയോ ഷൂട്ട് ചെയ്‌തത്.

ഇന്നാണ് ഇന്ത്യയുടെ സെമിഫൈനൽ മത്സരം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ അനായാസ ജയം നേടിയാണ് ഇന്ത്യ സെമിയിലേക്കുളള പ്രവേശനം നേടിയത്. 300 -ാമത് ഏകദിന മത്സരത്തിനാണ് യുവി ഇന്ന് ഇറങ്ങുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook