ഐസിസി ചാമ്പ്യൻസ് ട്രോഫി മൽസരങ്ങൾക്കായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിലാണ്. ഇന്നലെ ടീം ആദ്യ സെഷൻ പരിശീലനം നടത്തി. ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാൽ അതിന്റെ സമ്മർദമൊന്നും ഇന്ത്യൻ താരങ്ങൾക്കില്ല. ശിഖർ ധവാൻ പോസ്റ്റ് ചെയ്ത ഒരു വിഡിയോയിൽനിന്നും ഇത് വ്യക്തം.

പരിശീലനത്തിനു പോകുമ്പോഴുളള ഇന്ത്യൻ ടീമിന്റെ വിഡിയോ ശിഖർ ധവാൻ തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ധവാനും കോഹ്‌ലിയുമാണ് വിഡിയോയിലുളളത്. രണ്ടുപേരും പാട്ട് കേട്ട് ആസ്വദിച്ചുകൊണ്ടാണ് പോകുന്നത്.

ജൂൺ നാലിനു പാക്കിസ്ഥാനെതിരെ നടക്കുന്ന മൽസരത്തോടെയാണ് ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യൻ മൽസരങ്ങൾക്ക് തുടക്കം. അതിനുശേഷം ശ്രീലങ്കയെയും സൗത്ത് ആഫ്രിക്കയെയും ഇന്ത്യ നേരിടും. 2013 ൽ ഫൈനലിൽ ഇംഗ്ലണ്ടിനെ 5 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയത്. എം.എസ്.ധോണിയുടെ നായകത്വത്തിലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. ഇത്തവണ വിരാട് കോഹ്‌ലിയുടെ നായകത്വത്തിലാണ് ഇന്ത്യൻ ടീം മൽസരത്തിനിറങ്ങുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook