ചാമ്പ്യസ് ട്രോഫി രണ്ടാം സെമിയിൽ ബംഗ്ലാദേശിന് എതിരെ ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം . ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് നേടിയത്. ഒരുവേള കൂറ്റൻ സ്കോറിലേക്ക് നീങ്ങുമെന്ന ബംഗ്ലാദേശിനെ അവസാന ഓവറുകളിൽ ഇന്ത്യൻ ബോളർമാർ പിടിച്ചു കെട്ടുകയായിരുന്നു. 70 റൺസ് എടുത്ത തമീം ഇക്ബാലാണ് ബംഗ്ലാദേശിന്രെ ടോപ് സ്കോറർ.

നിർണ്ണായകമായ സെമി പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ സൗമ്യ സർക്കാരിനെ(0) പുറത്താക്കി ഭുവനേശ്വർ കുമാർ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. കൂറ്റൻ അടികൾക്ക് മുതിർന്ന സാബിർ റഹ്മാനെ (19) ജഡേജയുടെ കൈകളിൽ എത്തിച്ച് ഭുവനേശ്വർ ബംഗ്ലാദേശിനെ വിറപ്പിച്ചു.

നാലാം വിക്കറ്റി​ൽ ഒന്നിച്ച തമീം ഇക്ബാലും മുഷ്ഫീക്കർ റഹ്മാനും ഇന്ത്യൻ ബോളർമാരെ സമർഥമായി നേരിട്ടു. ഇരുവരും ചേർന്ന് 123 റൺസാണ് കൂട്ടിച്ചേർത്തത്. തമീം ഇക്ബാൽ 7 ഫോറും 1 സിക്സറും ഉൾപ്പടെ 70 റൺസാണ് നേടിയത്. 85 പന്തിൽ 61 റൺസാണ് മുഷ്ഫീക്കറിന്റെ സമ്പാദ്യം. ഇരുവരുടെയും കൂട്ട്കെട്ട് പൊളിക്കാൻ കേദാർ ജാദവിനാണ് സാധിച്ചത്. തമീം ഇക്ബാലിന്രെ കുറ്റി പിഴുത് ജാദവ് ഇന്ത്യക്ക് നിർണ്ണായക വഴിത്തിരിവ് സമ്മാനിച്ചു.

ഇതിനിടെ അപകടകാരിയായ ഷക്കീബ് അൽഹസനെ ജഡേജയും പുറത്താക്കി. മുഷ്ഫീക്കർ റഹ്മാനെ കോലിയുടെ കൈകളിൽ എത്തിച്ച് ജാദവ് ബംഗ്ലാദേശിന്റെ കുതിപ്പ് തടഞ്ഞു. വാലറ്റത്ത് കൂറ്റൻ അടികൾ ഉതിർക്കാൻ ബംഗ്ലാ കടുവകൾക്ക് സാധിച്ചില്ല. ബൂംറയും ബുവനേശ്വറും ബംഗ്ലാദേശിനെ വരിഞ്ഞു മുറുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി കേദാർ ജാദവ്, ഭുവനേശ്വർ കുമാർ,ബൂംറ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ന് നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർ ഫൈനലിൽ പാക്കിസ്ഥാനെ നേരിടും. ഞായറാഴ്ചയാണ് ഫൈനൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook