ചാംപ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി മുംബൈയിൽ വാർത്താസമ്മേളനം നടത്തിയിരുന്നു. ഒട്ടനവധി ചോദ്യങ്ങളാണ് കോഹ്‌ലിയോട് ചോദിച്ചത്. അതിനൊക്കെ വളരെ കൂളായി മറുപടി നൽകുകയും ചെയ്തു. എന്നാൽ ഒരു ചോദ്യം ഇന്ത്യൻ നായകനെ വല്ലാതെ ചൊടിപ്പിച്ചു. ഇതിന്റെ വിഡിയോ ആണിപ്പോൾ വൈറലായിരിക്കുന്നത്. ഇന്ത്യ-പാക്കിസ്ഥാൻ മൽസരത്തെക്കുറിച്ചായിരുന്നു ചോദ്യം.

റിപ്പോർട്ടർ: ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ-പാക്കിസ്ഥാൻ മൽസരമുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കണമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അതല്ല ഈ മൽസരം ഇന്ത്യ-പാക്കിസ്ഥാൻ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് കരുതുന്നുണ്ടോ?

കോഹ്‌ലി: ഇതിൽ നിങ്ങൾ കരുതുന്നതെന്താണ്?

റിപ്പോർട്ടർ: എന്റെ അഭിപ്രായമല്ല, നിങ്ങളുടെ അഭിപ്രായം അറിയാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്?

കോഹ്‌ലി: നിങ്ങൾ ഇവിടെ എത്തുന്നതിനു മുൻപുതന്നെ അഭിപ്രായം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പിന്നെ എന്റെ അഭിപ്രായത്തിന് എന്താണ് പ്രസക്തി?

റിപ്പോർട്ടർ: നിങ്ങൾ എന്തു പറയുന്നുവെന്നറിയാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്

കോഹ്‌ലി: നന്ദി

ജൂൺ നാലിനു പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം. ഏതൊരു മൽസരം പോലെയാണു പാക്കിസ്ഥാനെതിരായ പോരാട്ടവുമെന്ന് കോഹ്‌ലി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എതിരാളികൾ പാക്കിസ്ഥാനായതുകൊണ്ടു പ്രത്യേക ഊർജമൊന്നുമില്ല. ടീം ഇന്ത്യയുടെ ജഴ്സി അണിയുന്നതിൽക്കൂടുതൽ ആവേശം മറ്റ് എന്തിൽനിന്നു ലഭിക്കാനാണെന്നും കോഹ്‌ലി ചോദിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ