ലണ്ടൻ: ഐസിസി ഷെഡ്യൂൾ പ്രകാരം 2023 വരെയുള്ള ടെസ്റ്റ്, ഏകദിന, ടി-20 പര്യടനങ്ങൾ പുനക്രമീകരിക്കും. ഇന്ന് ചേർന്ന ഐസിസി ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കോവിഡ് ഭീഷണിയെത്തുടർന്ന് മത്സരങ്ങൾ മാറ്റിവയ്ക്കുന്ന സാഹചര്യത്തിലാണ് നടപടി.

2018ലാണ് 2023 വരെയുള്ള അഞ്ച് വർഷത്തേക്കുള്ള ഐസിസി ഫ്യൂച്ചേഴ്സ് ടൂർസ് ആൻഡ് പ്രോഗ്രാംസിന്റെ (എഫ് ടി പി) സമയക്രമം പ്രഖ്യാപിച്ചത്. കോവിഡ്-19 ഭീഷണി കാരണം ഇതിനകം തന്നെ ക്രിക്കറ്റ് പര്യടനങ്ങൾ നീട്ടി വയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിരുന്നു. ജൂണിൽ നടക്കാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിന്റെ ഇംഗ്ലണ്ട് പര്യടനം, ന്യൂസീലൻഡിന്റെ സ്കോട്ട്ലൻഡ്, അയർലൻഡ് പര്യടനങ്ങൾ എന്നിവയടക്കമുള്ള തുടർ മത്സരങ്ങളും റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യാനും സാധ്യതയുണ്ട്.

Also Read: ഇന്ത്യൻ താരങ്ങൾ കളിച്ചിരുന്നത് വ്യക്തിഗത നേട്ടങ്ങൾക്കു വേണ്ടി, ഞങ്ങൾ ടീമിനുവേണ്ടി: ഇൻസമാം

ഐസിസിയുടെ പൂർണ അംഗളായ 12 ക്രിക്കറ്റ് ബോർഡുകളുടെയും അസോസിയേറ്റ് അംഗങ്ങളുടെയും പ്രതിനിധികൾ വ്യാഴാഴ്ച നടന്ന ചീഫ് എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തു. വരുന്ന ആഴ്ചകളിലും മാസങ്ങളിലും കായിക രംഗത്തുണ്ടാവാനിരിക്കുന്ന പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടുമെന്ന് ഐസിസി അംഗങ്ങൾ പ്രതികരിച്ചു.

കോവിഡ്-19 കാരണം മാറ്റിവച്ച മത്സരങ്ങൾ പരമാവധി നടത്താൻ ലക്ഷ്യമിട്ടാണ് പര്യടനങ്ങളുടെ പുനർ ക്രമീകരണത്തിനു തീരുമാനിച്ചതെന്ന് ഐസിസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.  നിലവിലെ മത്സരങ്ങൾ മാറ്റിവച്ചത് കാരണം ക്രിക്കറ്റിലുണ്ടായ ആഘാതങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കിയതിന് ശേഷം മാത്രമേ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഐസിസി മെൻസ് ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ ലീഗ് എന്നിവ സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂവെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കി.

നിലവിൽ ഇംഗ്ലണ്ടിന്റെ ശ്രീലങ്ക പര്യടനം, ഓസ്ട്രേലിയയുടെ ന്യൂസീലൻഡ് പര്യടനം എന്നിവ നീട്ടിവച്ചിട്ടുണ്ട്. പാകിസ്താന്റെയും വെസ്റ്റ് ഇൻഡീസിന്റെയും ഇംഗ്ലണ്ട് പര്യടനം സംബന്ധിച്ച് അന്തിമ തീരുമാനം വന്നിട്ടില്ല. എങ്കിലും ഈ പരമ്പരകൾ നീട്ടിവയ്ക്കാനാണ് സാധ്യത.

Also Read: ധോണി ഒന്നും മിണ്ടിയില്ല, ഹൃദയത്തിൽ കത്തി കുത്തിയിറക്കുന്ന വേദന തോന്നി: ദിനേശ് കാർത്തിക് 

ഈ വർഷം നടക്കേണ്ട ടി20 ലോകകപ്പ് സംബന്ധിച്ചും ഐസിസി യോഗത്തിൽ തീരുമാനമുണ്ടായെന്നാണ് സൂചന. ഓസ്ട്രേലിയയിൽ ഈ വർഷം ഒക്ടോബറിലും നവംബറിലുമായാണ് ടി20 ലോകകപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം കാരണം ടൂർണമെന്റ് നടത്താൻ കഴിയുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ആതിഥേയ രാജ്യമായ ഓസ്ട്രേലിയയിൽ കോവിഡിനെത്തുടർന്ന് സെപ്റ്റംബർ വരെ പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നു.

Read More: ICC-CEC Meet: FTP till 2023 set for revamp due to Covid-19

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook