പോയ വര്‍ഷത്തെ ഏറ്റവും മികച്ച താരമാരെന്ന ചോദ്യത്തിന് ഐസിസിക്ക് ഉത്തരം തേടി ഒട്ടും അലയേണ്ടി വന്നില്ല. അതിനൊരു ഉത്തരം മാത്രമേയുള്ളൂ. കിങ് കോഹ്ലി എന്ന് ആരാധകര്‍ വിളിക്കുന്ന വിരാട് കോഹ്ലി. തന്റെ മുന്‍ഗാമികളെയെല്ലാം പിന്നിലാക്കി ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത കുതിപ്പാണ് കോഹ്ലി നടത്തുന്നത്. വിരാടിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2018 എന്ന് നിസംശയം പറയാം.

ബാറ്റ്‌സ്മാനായും ക്യാപ്റ്റനായും വിരാട് നാള്‍ക്കുനാള്‍ മുന്നേറുകയാണ് കോഹ്ലി. വിരാടിനൊപ്പം ക്രിക്കറ്റ് ലോകം ചേര്‍ത്തു പറയുന്ന പേരുകളായിരുന്നു കെയിന്‍ വില്യംസണ്‍, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവരുടേത്. എന്നാലിന്ന് വിരാടിന് തുല്യരായി ആരുമില്ലെന്നതാണ് വസ്തുത. ഓരോ മത്സരത്തിലും റെക്കോര്‍ഡുകള്‍ തിരുത്തിയും പുതിയ ചരിത്രം കുറിച്ചുമാണ് വിരാട് മുന്നോട്ട് പോകുന്നത്.

ഐസിസി അവാര്‍ഡുകളില്‍ പ്രധാനപ്പെട്ട മൂന്ന് അവാര്‍ഡുകളും സ്വന്തമാക്കിയാണ് ഇന്ത്യന്‍ നായകന്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടം കരസ്ഥമാക്കിയത്. ഐസിസിയുടെ പോയ വര്‍ഷത്തെ പുരുഷ താരം, ടെസ്റ്റ് താരം, ഏകദിന താരം എന്നീ അവാര്‍ഡുകളാണ് കോഹ്ലി നേടിയത്. ഈ മൂന്ന് നേട്ടങ്ങളും ഒരുമിച്ച് നേടുന്ന ചരിത്രത്തിലെ ആദ്യ താരമാണ് കോഹ്ലി. കൂടാതെ ഐസിസിയുടെ ഏകദിന-ടെസ്റ്റ് ടീമുകളുടെ നായകനും കോഹ്ലിയാണ്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഒരു താരം ഇത്രയും ആധിപത്യം നേടുന്നത് ഇതാദ്യമാണ്.

Read More: ‘അജയ്യന്‍ വിരാട രാജന്‍’; ഐസിസി അവാര്‍ഡ്‌സില്‍ ഹാട്രിക്കടിച്ച് കോഹ്ലി, ഇത് ചരിത്രം

കഴിഞ്ഞ വര്‍ഷം 13 ടെസ്റ്റുകളില്‍ നിന്നുമായി 1322 റണ്‍സാണ് വിരാട് നേടിയത്. 55.08 ആണ് ആവറേജ്. അഞ്ച് സെഞ്ചുറിയും നേടി. 14 ഏകദിനം കളിച്ചപ്പോള്‍ 1202 റണ്‍സ് നേടിയ കോഹ്ലി ആറ് സെഞ്ചുറിയും നേടി. 133.55 ആവറേജുണ്ട് കോഹ്ലിക്ക്. 10 ട്വന്റി-20യില്‍ നിന്നും 211 റണ്‍സും നേടി. ടെസ്റ്റ്-ഏകദിന ബാറ്റ്‌സ്മാന്മാരുടെ റാങ്കിങിലും ഒന്നാമത് കോഹ്ലിയാണ്. ടെസ്റ്റില്‍ 1000 ല്‍ പരം റണ്‍സ് നേടിയ രണ്ട് താരങ്ങളിലൊരാളും ഏകദിനത്തില്‍ 1000 ല്‍ പരം റണ്‍സ് നേടിയ മൂന്ന് താരങ്ങളിലൊരാളുമാണ് കോഹ്ലി.

ദക്ഷിണാഫ്രിക്കയിലും ശ്രീലങ്കയിലും ഇന്ത്യയ്ക്ക് ഏകദിന പരമ്പര നേടി തന്നു വിരാട് എന്ന നായകന്‍. പിന്നാലെ ഇന്ത്യയിലെത്തിയ വിന്‍ഡീസിനേയും കെട്ടുകെട്ടിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് ലോകകപ്പോളം വിലമതിക്കുന്ന ഓസീസ് മണ്ണിലെ പരമ്പര വിജയവും വിരാട് നേടി തന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെ ഓസീസ് മണ്ണിലെ ആദ്യ ബൈലാറ്ററല്‍ പരമ്പര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഏകദിനത്തിലും ടെസ്റ്റിലും ഓസ്‌ട്രേിലിയയെ ഇന്ത്യ തകര്‍ത്തത് വിരാടിന്റെ ബാറ്റിന്റെയും തന്ത്രങ്ങളുടേയും കരുത്തിലായിരുന്നു.

കഴിഞ്ഞ വര്‍ഷവും ക്രിക്കറ്റര്‍ ഓഫ് ദ ഇയറിനുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫി വിരാടിനായിരുന്നു ലഭിച്ചത്. 2012 ലും 2017 ലും ഏകദിന താരവുമായിരുന്നു. ഈ വര്‍ഷവും തന്റെ കുതിപ്പ് തുടരാനായാല്‍ ( മറിച്ച് ചിന്തിക്കാന്‍ തക്കതായൊന്നും കാണുന്നില്ല) ഹാട്രിക് നേട്ടമായിരിക്കും വിരാടിനെ തേടിയെത്തുക.

Read More: കോഹ്ലി നായകന്‍-സ്വാഭാവികം, പന്ത് ടീമില്‍-സര്‍പ്രൈസ്, പൂജാര പുറത്ത്-അപ്രതീക്ഷിതം
കോഹ്ലിയും ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയുമായിരുന്നു ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന്റെ അവസാന ഘട്ടത്തിലുണ്ടായിരുന്നത്. ഏകദിന താരത്തിനുള്ള പുരസ്‌കാരത്തില്‍ രണ്ടാമതെത്തിയത് അഫ്ഗാന്‍ താരം റാഷിദ് ഖാനായിരുന്നു. വിരാടിന്റെ സാമ്രജ്യത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ പോലും ഇരുവര്‍ക്കും സാധിച്ചില്ലെന്നതാണ് വസ്തവം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook