ന്യൂഡൽഹി: തുടർച്ചയായ സമനിലകൾക്കും തോൽവികൾക്കും അവധികൊടുത്ത് കേരള ബ്ലാസ്റ്റേഴ്സ്. മികച്ച ഫുട്ബോളിനായി കൊതിച്ച ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പിന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ മറുപടി നൽകിയത് ഡൽഹി ഡൈനാമോസിനെതിരായ മത്സരത്തിൽ. ആരാധകരുടെ പ്രിയ താരം ഹ്യൂമേട്ടനാണ് ഇന്ദ്രപ്രസ്ഥത്തിൽ മഞ്ഞപ്പടയുടെ തേര് തെളിച്ചത്.

ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിൽ ഇയാൻ ഹ്യൂം നേടിയ ആദ്യ ഹാട്രിക്കാണ് കേരള ബ്ലാസ്റ്റേഴ്സിന് ജയം ഒരുക്കിയത്. മത്സരത്തിന്റെ 12,77,83 മിനുറ്റുകളിലാണ് ഇയാൻ ഹ്യൂം ഡൽഹിയുടെ വലകുലുക്കിയത്. മത്സരത്തിനിടെ എതിർ താരവുമായി കൂട്ടിയിടിച്ച് ഇയാൻ ഹ്യൂമിന്റെ തലയ്ക്ക് പരുക്കേറ്റിരുന്നു. എന്നാൽ തലയിൽ വലിയ സംരക്ഷണ ബാൻഡേജും ധരിച്ച് കളത്തിൽ നിറഞ്ഞാടിയ ഹ്യും ഡൽഹിയുടെ വലനിറയ്ക്കുകയായിരുന്നു.

മത്സരത്തിന്റെ 12 ആം മിനുറ്റിലാണ് ബ്ലാസ്റ്റേഴ്സ് ഡൽഹിയുടെ വലകുലുക്കിയത്. ഇയാൻ ഹ്യുമാണ് കേരളത്തിന്റെ ആദ്യ ഗോൾ നേടിയത്. ബോക്സിന്റെ ഇടത്മൂലയിൽ നിന്ന് കറേജ് പെക്കൂസൻ നൽകിയ പാസിൽ നിന്നാണ് ഇയാൻ ഹ്യൂം ഡൽഹിയുടെ വലചലിപ്പിച്ചത്.

രണ്ടാംപകുതിയിൽ ജയത്തിനായി പൊരുതിക്കളിച്ച ബ്ലാസ്റ്റേഴ്സ് ഇയാൻ ഹ്യൂമിന്റെ ചിറകിലേറി വിജയ തീരമണിഞ്ഞു. 77​ ആം മിനുറ്റിലാണ് ഹ്യൂം തന്റെ രണ്ടാം ഗോൾ നേടിയത്. തകർപ്പൻ ഒരു ഒറ്റയാൻ നീക്കത്തിലൂടെയാണ് ഹ്യൂം ഡൽഹിയുടെ വലയിൽ പന്തെത്തിച്ചത്. 83 ആം മിനുറ്റിലാണ് ഹ്യൂം തന്റെ ഹാട്രിക്ക് തികച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇയാൻ ഹ്യൂം നേടുന്ന ആദ്യ ഹാട്രിക്കാണ് ഇന്നത്തേത്. ഹാട്രിക്കോടെ ഐഎസ്എലിൽ ഒരു അപൂർവ റെക്കോർഡും ഹയൂമേട്ടൻ സ്വന്തമാക്കി. ഐഎസ്എൽ ചരിത്രത്തിൽ മൂന്ന് ഹാട്രിക്കുകൾ സ്വന്തമായുള്ള ഒരേയൊരു താരമാണ് ഹ്യൂം ഇപ്പോൾ.

ഇയാൻ ഹ്യൂമിന്റെ പ്രകടനത്തെ അഭിനന്ദിച്ച് സച്ചിൻ ടെൻഡുൽക്കർ തന്നെ രംഗത്ത് വന്നു. ഹ്യൂമിന്റെ പ്രകടനം ടീമിന് ആകെ കരുത്തായിയെന്ന് സച്ചിൻ ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ