scorecardresearch
Latest News

ഇന്ദ്രപ്രസ്ഥത്തിൽ ഇടിമുഴക്കമായി ഇയാൻ ഹ്യൂം; തകർപ്പൻ ജയവുമായി ബ്ലാസ്റ്റേഴ്സിന്റെ ഉയിർപ്പ്

കളംനിറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്

ഇന്ദ്രപ്രസ്ഥത്തിൽ ഇടിമുഴക്കമായി ഇയാൻ ഹ്യൂം; തകർപ്പൻ ജയവുമായി ബ്ലാസ്റ്റേഴ്സിന്റെ ഉയിർപ്പ്

ന്യൂഡൽഹി: ഡേവിഡ് ജയിംസിന് കീഴിലുളള ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. സൂപ്പർ താരം ഇയാൻ ഹ്യൂമിന്റെ ഹാട്രിക്ക് മികവിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഡൽഹി ഡൈനാമോസിനെ തകർത്തത്. മത്സരത്തിന്റെ 12,77,83 മിനുറ്റുകളിലാണ് ഇയാൻ ഹ്യൂം ഡൽഹിയുടെ വലകുലുക്കിയത്. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ആറാംസ്ഥാനത്തേക്ക് കുതിച്ചെത്തി. കേരള ബ്ലാസറ്റേഴ്‌സിന്റെ ആദ്യ എവേ വിജയം ആണിത്‌.

ഡൽഹി ഡൈനാമോസിനെതിരായ നിർണ്ണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡ് നേടിയത്. മത്സരത്തിന്റെ 12 ആം മിനുറ്റിലാണ് ബ്ലാസ്റ്റേഴ്സ് ഡൽഹിയുടെ വലകുലുക്കിയത്. ഇയാൻ ഹ്യുമാണ് കേരളത്തിന്റെ ആദ്യ ഗോൾ നേടിയത്. ബോക്സിന്റെ ഇടത്മൂലയിൽ നിന്ന് കറേജ് പെക്കൂസൻ നൽകിയ പാസിൽ നിന്നാണ് ഇയാൻ ഹ്യൂം ഡൽഹിയുടെ വലചലിപ്പിച്ചത്.

ഇതിനിടെ പരുക്കിനെത്തുടർന്ന് ഡിമിറ്റർ ബെർബറ്റോവ് പുറത്ത് പോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. പേശീവലിവ്മൂലമാണ് ബെർബറ്റോവ് പിൻവാങ്ങിയത്. ബെർബറ്റോവിന് പകരം മാർക്ക് സിഫ്നിയോസിനെയാണ് ഡേവിഡ് ജയിംസ് കളത്തിൽ ഇറക്കിയത്.

എന്നാൽ ആദ്യപകുതി അവസാനിക്കും മുൻപ് ഡൽഹി സമനില പിടിച്ചു. ആദ്യപകുതി അവസാനിക്കാൻ മിനുറ്റുകൾ ശേഷിക്കെയാണ് ഡൽഹിയുടെ മറുപടി. റോമിയോ ഫെർണ്ണാഡസിന്റെ ഫ്രീകിക്കിൽ തവവെച്ച് പ്രീതം കോട്ടൽ ഡൽഹിക്ക് സമനില നൽകുകയായിരുന്നു.

രണ്ടാംപകുതിയിൽ ജയത്തിനായി പൊരുതിക്കളിച്ച ബ്ലാസ്റ്റേഴ്സ് ഇയാൻ ഹ്യൂമിന്റെ ചിറകിലേറി വിജയ തീരമണിഞ്ഞു. 77​ ആം മിനുറ്റിലാണ് ഹ്യൂം തന്റെ രണ്ടാം ഗോൾ നേടിയത്. തകർപ്പൻ ഒരു ഒറ്റയാൻ നീക്കത്തിലൂടെയാണ് ഹ്യൂം ഡൽഹിയുടെ വലയിൽ പന്തെത്തിച്ചത്. 83 ആം മിനുറ്റിലാണ് ഹ്യൂം തന്റെ ഹാട്രിക്ക് തികച്ചത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇയാൻ ഹ്യൂം നേടുന്ന ആദ്യ ഹാട്രിക്കാണ് ഇന്നത്തേത്.

ജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ബ്ലാസ്റ്റേഴ്സസ് ആറാം സ്ഥാനത്തേക്ക് എത്തി. ദല്‍ഹിയിലെ കൊടും തണുപ്പിനെ വകവെക്കാതെ പന്തിനു മുകളില്‍ മികച്ച നിയന്ത്രണം കാത്തുസൂക്ഷിച്ച ഹ്യൂം ആദ്യ സീസണിലെ പരിശീലകനും സഹതാരവുമായിരുന്ന ഡേവിഡ് ജെയിംസിന്റെ മടങ്ങി വരവ് ആഘോഷിക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ian humes hatrick helps kerala blasters to beat delhi dynamos