പുതിയ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ട ഇയാന്‍ ഹ്യൂം എന്ന ഹ്യൂമേട്ടന്‍ കേരളത്തിലേയ്ക്ക് വരുന്നതിന്റെ ആവേശത്തിലാണ്. ഇതിന് മുന്നോടിയായി കാനഡയില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് ആരാധകരെ കാണാൻ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന ഹ്യൂമിനെ ചോദ്യങ്ങള്‍ കൊണ്ട് പൊതിഞ്ഞു ആരാധകര്‍. ഹ്യൂം ഈ ചോദ്യങ്ങൾക്കെല്ലാം സന്തോഷത്തോടെ മറുപടി നല്‍കുകയും ചെയ്തു.

ഹ്യൂമേട്ടന് മലയാളം അറിയുമോ എന്നായിരുന്നു ഒരു ആരാധകന്റെ സംശയം. ഉത്തരം പറയാന്‍ ഒട്ടും ആലോചിക്കേണ്ടിവന്നില്ല താരത്തിന്. ‘ഇല്ല. ഇതുവരെ മലയാളം പഠിക്കാനും പറയാനും കഴിഞ്ഞിട്ടില്ല. സബീത്തും സുശാന്ത് മാത്യുവും എന്നെ മലയാളം പഠിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഒരൊറ്റ വാക്കും ഞാന്‍ പറയാന്‍ പഠിച്ചിട്ടില്ല. സംസാരിക്കാന്‍ ശ്രമിച്ചതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷയാണ് മലയാളം’-ഹ്യൂം പറഞ്ഞു.

മലയാളികളുടെ ഹ്യൂമേട്ടാ എന്ന വിളി വല്ലാത്തൊരു അനുഭവമാണെന്നും ഹ്യൂം പറഞ്ഞു. മലയാളികള്‍ക്കുള്ള ബഹുമാനമാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്. ഈ ബഹുമാനം കളിയിലൂടെ തിരിച്ചുനല്‍കുമെന്നും ഹ്യൂം പറഞ്ഞു.

കൊച്ചിയിലെ ഭക്ഷണത്തോടും വലിയ ഇഷ്ടമാണ് എന്നും ഹ്യൂം വ്യക്തമാക്കി. എന്നാൽ വിഭവങ്ങളുടെ പേരൊന്നും പറയാന്‍ അറിയില്ല. ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കുമ്പോള്‍ അതൊക്കെ നന്നായി ആസ്വദിച്ചിട്ടുമുണ്ട്.

കേരളത്തില്‍ വന്നത് ഭാഗ്യമായിട്ടാണ് കണക്കാക്കുന്നത്. തുടക്കത്തില്‍ തന്നെ അവിശ്വസനീയമായത് കൈവരിച്ചു. ഓരോ നിമിഷവും ആസ്വദിച്ചാണ് കളിച്ചത്. എനിക്ക് ഇതൊരു ജോലിയല്ല. ഫുട്‌ബോളിനോടുള്ള പ്രണയമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. ഇക്കുറിയും മികച്ച കളി കാഴ്ചവയ്ക്കാനാവുമെന്നാണ് പ്രതീക്ഷ. ഇക്കുറി ഹൊസു ഇല്ലാത്തത് വലിയൊരു നഷ്ടമാണ്. ഹൊസ്സുവുമായി എന്നേക്കാള്‍ സുദീര്‍ഘമായ ബന്ധമാണ് മലയാളികള്‍ക്കുള്ളത്. നിലവിലെ ടീമിനെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ല. കോച്ച് പുതിയ കളിക്കാരെ കണ്ടുപിടിച്ച് ടീം ശരിയാക്കുന്നതേയുള്ളൂ.

ഏതെങ്കിലുമൊരു കളിക്കാരനെ ബ്ലാസ്‌റ്റേഴ്‌സില്‍ കളിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മെസ്സി എന്നായിരുന്നു ഹ്യൂമിന്റെ മറുപടി. ‘ഇതുപോലൊരു സ്‌ട്രൈക്കര്‍ ഇന്ന് ലോകത്തില്‍ വേറെയില്ല. എന്റെ അഭിപ്രായത്തില്‍ നിലവില്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാനും മെസ്സി തന്നെയാണ്. ഇക്കുറി ബാലണ്‍ദ്യോറിന് മത്സരിക്കാനാവാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്. അത്രയ്ക്കും സ്വാഭാവികമായ പ്രതിഭയുള്ള താരമാണ് അദ്ദേഹം. ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരന്‍ ആരാണെന്ന് ചോദിച്ചാല്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡോ എന്നായിരിക്കും എന്റെ ഉത്തരം. ലോകത്തിലെ ഏറ്റവും മികച്ച ഒന്‍പതാം നമ്പറുകാരനായിരുന്നു റൊണാള്‍ഡോ. വേഗതയും കരുത്തും പ്രതിഭയുമുള്ള താരമായിരുന്നു അദ്ദേഹം’ ഹ്യൂം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ