2017 ൽ ഇന്ത്യൻ മുഖ്യ പരിശീലകനാകാൻ താൻ അപേക്ഷിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി വിരേന്ദർ സെവാഗ്. ബിസിസിഐ സെക്രട്ടറി അമിതാബ് ചൗധരിയും വിരാട് കോഹ്‌ലിയും തന്നെ സമീപിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യൻ മുഖ്യ പരിശീലകനാകുവാൻ താൻ അപേക്ഷിക്കുകയില്ലായിരുന്നുവെന്ന് സെവാഗ് ന്യൂസ് 18 നോടു പറഞ്ഞു.
”ഞങ്ങൾ തമ്മിൽ ഒരു മീറ്റിങ് ഉണ്ടായിരുന്നു. കോഹ്‌ലിയും അനിൽ കുബ്ലെയും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും ഇരുവരും ഒത്തുപോകില്ലെന്നും, അതിനാൽ ഇന്ത്യൻ കോച്ചായി ഞാൻ വരണമെന്നും ചൗധരി എന്നോട് ആവശ്യപ്പെട്ടു. 2017 ലെ ചാമ്പ്യൻസ് ട്രോഫിക്കുശേഷം കുബ്ലെയുടെ കാലാവധി കഴിയും. അതു കഴിഞ്ഞ് വെസ്റ്റ് ഇൻഡീസിലേക്കുള്ള ടീമിനൊപ്പം ഞാനും പോകണമെന്നും അദ്ദേഹം പറഞ്ഞു,” സെവാഗ് വ്യക്തമാക്കി.
ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകാൻ കഴിയാത്തതിൽ തനിക്ക് ദുഃഖമില്ലെന്നും സെവാഗ് പറഞ്ഞു. ”ഞാൻ നേടിയത് എന്താണോ അതിൽ ഞാൻ സന്തോഷവാനാണ്. സാധാരണ കർഷക കുടുംബത്തിൽനിന്നുള്ള വ്യക്തിയായ എനിക്ക് ഇന്ത്യയ്ക്കു വേണ്ടി കളിക്കാൻ അവസരം ലഭിച്ചു. ആരാധകരിൽ നിന്ന് വളരെയധികം സ്നേഹവും അഭിനന്ദനവും ലഭിച്ചു, ഞാൻ ടീം ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നെങ്കിൽ പോലും എനിക്ക് അതേ ബഹുമാനം ലഭിക്കുമായിരുന്നു,” സെവാഗ് പറഞ്ഞു.