ധരംശാല: ഓസ്ട്രേലിയക്ക് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ​ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം സമ്മാനിച്ചതില്‍ ഇടകൈയന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ വഹിച്ച പങ്ക് വലുതാണ്. മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരീസും നേടിയ ജഡേജ ബോളു കൊണ്ടും ബാറ്റ് കൊണ്ടും പൊരുതി ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.

പരമ്പരയില്‍ 23 വിക്കറ്റാണ് ജഡേജയുടെ സമ്പാദ്യം. അവസാന ദിനത്തെ അര്‍ധസെഞ്ചുറി ഇന്ത്യയ്ക്ക് കരുത്താകുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിലെ റാങ്കിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നതില്‍ സന്തോഷമുണ്ടെന്നാണ് ജഡേജയുടെ പ്രതികരണം. നീണ്ട നേരം ബാറ്റ് ചെയ്ത് ക്രീസില്‍ തുടരാന്‍ തനിക്ക് പറ്റുമെന്നാണ് പരിശീലകരും നായകനും പറയാറുള്ളത്. തനിക്ക് പറ്റുന്ന രീതിയില്‍ അത് വികസിപ്പിച്ച് എടുത്തിട്ടുണ്ടെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.

“കുറച്ച് കാലം മുമ്പ വരെ എന്നെ ടെസ്റ്റ് ബൗളറായി പരിഗണിക്കാന്‍ ആരു തയ്യാറായിരുന്നില്ല. ഈ സീസണ്‍ അവര്‍ക്കുള്ള മറുപടിയാണ്. അശ്വിനും താനും സമ്മര്‍ദ്ദം നിലനിര്‍ത്തിക്കൊണ്ടിരുന്നു. ഇടത്-വലത് സ്പിന്നിംഗ് ബൗളിംഗ് നന്നായിട്ട് ഫലം കണ്ടെന്നും” അദ്ദേഹം പറഞ്ഞു.

ഈ പ്രകടനം നമുക്ക് വിദേശത്തും കാഴ്ച്ചവെക്കാന്‍ കഴിയും. അടുത്ത തവണ സെഞ്ചുറി അടിക്കാനാണ് തന്റെ ശ്രമം. എന്നിട്ട് രണ്ട് ബാറ്റുകള്‍ വാളുകളാക്കി ആഘോഷിക്കണമെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയയ്ക്കെതിരെ നാല് കളികളുടെ പരമ്പരയാണ് ഇന്ത്യ സ്വന്തമാക്കിയത്. നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് വിജയം കണ്ടത്.

മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ ഇന്ത്യ ജയത്തിന് 87 റൺസ് അരികിലായിരുന്നു. ധരംശാലയിലെ ബോളിങ്ങിന് അനുകൂലമായ പിച്ച് ഇന്ത്യൻ ബാറ്റ്സ്‌മാന്മാരെ വീഴ്‌ത്തുമോയെന്നായിരുന്നു ഉറ്റുനോക്കിയത്. രാവിലെ ഒരറ്റത്ത് നിലയുറപ്പിച്ച് കളിച്ച രാഹുലിന് മികച്ച കൂട്ടുകെട്ട് നൽകാൻ മുരളി വിജയ്ക്ക് ആയില്ല. കുമ്മിൻസിന്റെ പന്തിൽ കീപ്പർ മാത്യു വെയ്ഡിന് ക്യാച്ച് നൽകിയായിരുന്നു മുരളി വിജയുടെ മടക്കം.

പിന്നീടിറങ്ങിയ ചേതേശ്വർ പൂജാര അനാവശ്യ റണ്ണിനായി ഓടി വിക്കറ്റ് കളഞ്ഞു. മാക്‌സ്‌വെല്ലാണ് പൂജാരയെ റൺ ഔട്ടാക്കിയത്. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ 137 റൺസിന് എറിഞ്ഞിട്ട ഇന്ത്യക്ക് ജയിക്കാൻ 106 റൺസായിരുന്നു വേണ്ടിയിരുന്നത്.

മൂന്നാം ദിനം ബാറ്റ് എടുത്ത ഓസ്ട്രേലിയയെ 3 വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവും അശ്വിനും രവീന്ദർ ജഡേജയുമാണ് എറിഞ്ഞിട്ടത്. ഇന്ത്യയ്‌ക്ക് ഒന്നാം ഇന്നിങ്സ് 32 റൺസ് ലീഡ് ലഭിച്ചിരുന്നു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 332 റൺസിന് എല്ലാവരും പുറത്തായി. 63 റൺസെടുത്ത ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

രണ്ടാം ദിനം പൂർത്തിയാകുമ്പോൾ ആറിന് 248 എന്ന നിലയിലായിരുന്നു ഇന്ത്യ. ഏഴാം വിക്കറ്റിൽ ഒത്തുകൂടിയ രവീന്ദ്ര ജഡേജയും വൃദ്ധിമാൻ സാഹയുമാണ് ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ മറികടന്നത്. ജഡേജ 63 റൺസും സാഹ 31 റൺസും നേടി പുറത്തായി. ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 300 റൺസാണ് നേടിയത്.

പുണെയിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയയും ബെംഗളൂരുവിൽ നടന്ന മൽസരത്തിൽ ഇന്ത്യയും ജയിച്ചിരുന്നു, എന്നാൽ റാഞ്ചിയിലെ ടെസ്റ്റ് സമനിലയിലായി. അതോടെയാണ് നാലാം ടെസ്റ്റ് പരമ്പരയിൽ നിർണായകമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ