സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തനിക്ക് കളിക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നില്ലെന്ന് ഓസീസ് താരം സ്റ്റീവ് സ്‌മിത്ത്. സിഡ്‌നിയിൽ നടന്ന രണ്ടാം ഏകദിനത്തിൽ സ്‌മിത്ത് അതിവേഗ സെഞ്ചുറി നേടിയിരുന്നു. 51 റൺസ് വിജയമാണ് രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. എന്നാൽ, ഈ മത്സരത്തിൽ തനിക്ക് കളത്തിലിറങ്ങാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നെന്ന് മത്സരശേഷം സ്‌മിത്ത് പറഞ്ഞു.
കലശലായ തലക്കറക്കം തനിക്കുണ്ടായിരുന്നെന്നും അതിനാൽ രണ്ടാം ഏകദിനത്തിൽ കളിക്കാനാവുമോ എന്ന് ഉറപ്പുണ്ടായിരുന്നില്ലെന്നും സ്‌മിത്ത് പറഞ്ഞു. “മത്സര ദിവസം രാവിലെ മുതൽ എനിക്ക് കടുത്ത തലകറക്കമുണ്ടായിരുന്നു. ശാരീരികമായി ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇയർ ബാലൻസുമായി ബന്ധപ്പെട്ട അസ്വസ്ഥതയാണ് എന്നെ അലട്ടിയിരുന്നത്. എന്നാൽ, ടീം ഡോക്ടർ ലെയ്ഗ് ഗോൾഡിങ്ങിന്റെ സേവനം എന്നെ സാധാരണ നിലയിലാക്കി. അദ്ദേഹത്തിന്റെ ചികിത്സ ഫലംകണ്ടു. ക്രീസിലെത്തി അതിവേഗം കുറച്ച് റൺസ് നേടുക എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം. എന്നാൽ, ആദ്യ ഏകദിനത്തിലെ പോലെ മറ്റൊരു മികച്ച ഇന്നിങ്‌സ് കളിക്കാൻ എനിക്ക് സാധിച്ചു,” സ്‌മിത്ത് വെളിപ്പെടുത്തി.
രണ്ടാം ഏകദിനത്തിൽ വെറും 62 പന്തിൽ നിന്നാണ് സ്‌മിത്ത് സെഞ്ചുറി തികച്ചത്. ആദ്യ ഏകദിനത്തിലും 62 പന്തിൽ നിന്നായിരുന്നു ഓസീസ് താരത്തിന്റെ സെഞ്ചുറി നേട്ടം. ആദ്യ ഏകദിനത്തിൽ 104 റൺസ് നേടിയ സ്‌മിത്ത് രണ്ടാം ഏകദിനത്തിൽ 105 റൺസ് നേടിയാണ് പുറത്തായത്. ഇതിനു മുൻപുള്ള ഇന്ത്യയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളിലെ സ്‌മിത്തിന്റെ വ്യക്തിഗത സ്കോർ യഥാക്രമം 69, 98, 131 എന്നിങ്ങനെയാണ്.
Read Also: ‘ഓസീസ് പരമ്പരയിലെ പരാജയം നമ്മുടെ ബൗളർമാർ പുതിയ കാര്യങ്ങൾ പഠിക്കുന്നതിന്റെ ഭാഗം,’ കെഎൽ രാഹുൽ
ഇന്ത്യയെ തേടിപ്പിടിച്ച് മർദ്ദിക്കുന്ന അപൂർവ താരങ്ങളുടെ പട്ടികയിലാണ് ക്രിക്കറ്റ് ലോകം സ്‌മിത്തിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. തന്റെ ഏകദിന കരിയറിൽ സ്‌മിത്ത് 11 സെഞ്ചുറികളാണ് ഇതുവരെ നേടിയിരിക്കുന്നത്. ഇതിൽ നാല് സെഞ്ചുറികളും ഇന്ത്യയ്‌ക്കെതിരെയാണ്.
ഇന്ത്യയ്‌ക്കെതിരെയുള്ള സെഞ്ചുറി നേട്ടത്തിൽ മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങാണ് സ്‌മിത്തിനേക്കാൾ മുൻപിൽ. ആറ് സെഞ്ചുറികളാണ് പോണ്ടിങ് ഇന്ത്യയ്‌ക്കെതിരെ ഏകദിനത്തിൽ നേടിയിരിക്കുന്നത്. ഈ നേട്ടം സ്‌മിത്തിന് വളരെ വേഗത്തിൽ മറികടക്കാൻ സാധിക്കുമെന്നാണ് കായികലോകം പ്രതീക്ഷിക്കുന്നത്. മറ്റൊരു വസ്തുത പോണ്ടിങ് ആറ് സെഞ്ചുറികൾ നേടിയത് 59 മത്സരങ്ങളിൽ നിന്നാണ്. സ്‌മിത്ത് നാല് സെഞ്ചുറികൾ നേടിയത് ഇന്ത്യയ്‌ക്കെതിരെ വെറും 20 മത്സരങ്ങളിൽ നിന്ന്.
ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സെഞ്ചുറി സച്ചിൻ ടെൻഡുൽക്കറുടെ പേരിലാണ് (ഒൻപത്). വിരാട് കോഹ്‌ലി ( എട്ട്), രോഹിത് ശർമ (എട്ട്), റിക്കി പോണ്ടിങ് (ആറ്) എന്നിങ്ങനെയാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ. ഇവർക്ക് ശേഷം അഞ്ചാമനായി സ്‌മിത്ത് മാറി.
ഇന്ത്യയ്‌ക്കെതിരെ തുടർച്ചയായി മൂന്ന് സെഞ്ചുറി നേടുന്ന നാലാമത്തെ താരം എന്ന നേട്ടവും സ്‌മിത്ത് ഇന്ന് സ്വന്തമാക്കി. 1983 ൽ പാക്കിസ്ഥാൻ താരം സഹീർ അബ്ബാസാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. 2012 – 13 ൽ മറ്റൊരു പാക് താരമായ നസീർ ജാംഷെദ് ഈ നേട്ടം സ്വന്തമാക്കിയിരുന്നു. അതേ കലണ്ടർ വർഷം തന്നെ ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്കും ഇന്ത്യയ്‌ക്കെതിരെ തുടർച്ചയായി മൂന്ന് സെഞ്ചുറികൾ നേടി. ഇവർക്കു ശേഷം ഇന്ത്യയ്‌ക്കെതിരെ തുടർച്ചയായി മൂന്ന് സെഞ്ചുറി നേടുന്ന താരമാണ് സ്‌മിത്ത്.