ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഏറെ ആരാധകരുള്ള താരമാണ് സ്മൃതി മന്ദാന. ലോക്ക്ഡൗണ് ആരംഭിച്ചതോടെ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം താരവും പേസ് ബോളറുമായ മൊഹമ്മദ് ഷമി കാരണം പത്ത് ദിവസം കിടപ്പിലായ സംഭവം വിവരിക്കുകയാണ് സ്മൃതി. ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് വേദനിപ്പിച്ച ഈ അനുഭവം സ്മൃതി പങ്കുവച്ചത്. രോഹിത് ശർമ, സഹതാരം ജമീമ റോഡ്രിഗസ് എന്നിവരുമായി ലൈവ് ചാറ്റിൽ സംസാരിക്കുമ്പോഴായിരുന്നു ഇത്.
Read Also: കൊറോണ വെെറസിന്റെ ഉത്ഭവം ചെെനീസ് ലാബിൽ നിന്നു തന്നെ; പിടിവിടാതെ ട്രംപ്
ഷമിയുടെ ഏറുകൊണ്ട് തുടയിൽ നീരുവന്നെന്ന് സ്മൃതി പറയുന്നു. പരിശീലനത്തിനിടെയാണ് തനിക്കു ഷമിയിൽ നിന്നു ഏറുകൊണ്ടതെന്നും സ്മൃതി പറഞ്ഞു. “എനിക്ക് ഓർമ്മയുണ്ട്, ഞാൻ ഷമി ഭയ്യയുമായി പരിശീലനത്തിലായിരുന്നു. 120 കിലോമീറ്റർ വേഗതയിലാണ് അവർ ബോൾ എറിഞ്ഞിരുന്നത്. ദേഹത്തേക്ക് പന്ത് എറിയില്ലെന്ന് ഷമി എനിക്ക് ഉറപ്പുനൽകിയിരുന്നു. ഷമിയുടെ ആദ്യ രണ്ട് പന്തുകൾ എനിക്കൊന്ന് തൊടാൻ പോലും സാധിച്ചില്ല. ഇത്ര വേഗതയിലുള്ള പന്തുകൾക്ക് ബാറ്റ് ചെയ്യാൻ ഞാൻ പരിശീലിച്ചിരുന്നില്ല. ഷമിയുടെ മൂന്നാമത്തെ ബോൾ എന്റെ കാലിൽ കൊണ്ടു. തുടയിലാണ് പന്ത് കൊണ്ടത്. ഞാൻ വേദനകൊണ്ട് പുളഞ്ഞു. പന്ത് കൊണ്ട സ്ഥലത്ത് ആദ്യം കറുപ്പ് നിറമായി, പിന്നീട് അവിടെ നീലച്ചു, ഒടുക്കം അവിടെ ഒരു പച്ച നിറമായി. പന്ത് കൊണ്ട സ്ഥലത്ത് നീരുവരാൻ തുടങ്ങി. പത്ത് ദിവസം ഞാൻ കിടന്ന കിടപ്പിൽ തന്നെയായിരുന്നു. ബെഡിൽ നിന്നു എണീക്കാൻ പോലും സാധിക്കാത്ത വിധം വേദനയുണ്ടായിരുന്നു,” സ്മൃതി പറഞ്ഞു.

Read Also: Horoscope Today May 01, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ഷമിയുടെ ബോളിങ്ങിനെ രോഹിത് ശർമയും അനുഭവങ്ങൾ പങ്കുവച്ചു. ഏറ്റവും ബുദ്ധിമുട്ടുള്ള പന്തുകളാണ് ഷമിയുടേതെന്ന് രോഹിത് പറഞ്ഞു. “പച്ച നിറത്തിലുള്ള പിച്ച് കണ്ടാൽ ഷമിക്ക് വേറെ ഒന്നും വേണ്ട, രണ്ട് ബിരിയാണി കഴിച്ച മൂഡിലാകും അവൻ. അത്ര ബുദ്ധിമുട്ടേറിയ പന്തുകളാകും അവൻ എറിയുക. ബുംറയും ഏകദേശം ഇങ്ങനെ തന്നെ. ബുംറയും ഷമിയും തമ്മിൽ മത്സരമാണ് പരിശീലന സമയത്ത്. ആരായിരിക്കും കൂടുതൽ തവണ ബാറ്റ്സ്മാന്റെ ദേഹത്ത് പന്തു കൊള്ളിക്കുക, ആരായിരിക്കും കൂടുതൽ തവണ ഹെൽമറ്റിൽ പന്ത് കൊള്ളിക്കുക എന്നാണ് ഇരുവരും നോക്കുന്നത്.” രോഹിത് പറഞ്ഞു.
രണ്ടു ടെസ്റ്റുകളും 51 ഏകദിനങ്ങളും 75 ട്വന്റി-20യുമാണ് സ്മൃതി മന്ദാന ഇതുവരെ ഇന്ത്യക്കായി കളിച്ചത്. ടെസ്റ്റിൽ ഒരു അർധസെഞ്ചുറി സഹിതം 81 റൺസാണ് സമ്പാദ്യം. ഏകദിനത്തിൽ നാലു സെഞ്ചുറിയും 17 അർധസെഞ്ചുറിയും ഉൾപ്പെടെ 2,025 റൺസ് നേടി. ട്വന്റി-20യിൽ 12 അർധ സെഞ്ചുറികൾ സഹിതം 1,716 റൺസും നേടിയിട്ടുണ്ട്.