ഇസ്ലാമാബാദ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാന് മുത്തമിടാന്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് ഫഖ്ഹര്‍ സമാന്‍. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ സെഞ്ച്വറി തികച്ചപ്പോള്‍ ധോണിയുടെ പ്രതികരണം തന്നെ നിരാശനാക്കിയെന്ന് തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫഖ്ഹര്‍. നിര്‍ണായകമായ ഫൈനല്‍ മത്സരത്തില്‍ 114 റണ്‍സാണ് താരം നേടിയത്. വെറും 106 പന്തിലായിരുന്നു ഫഖ്ഹറിന്റെ നേട്ടം. വെറും നാല് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് കലാശപ്പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ 329 റണ്‍സ് നേടിയത്.
താന്‍ സെഞ്ചുറി തികച്ചപ്പോള്‍ മഹേന്ദ്രസിംഗ് ധോണിയുടെ നിര്‍വികാരമായ പ്രതികരണം തന്നെ നിരാശപ്പെടുത്തിയെന്നാണ് ഫഖ്ഹര്‍ വ്യക്തമാക്കിയത്. ഒരു പാക് ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ നോക്കിയപ്പോള്‍ സന്തോഷപൂര്‍വം തനിക്ക് വേണ്ടി കൈയടിക്കുന്നതായാണ് കണ്ടതെന്നും ഫഖ്ഹര്‍ പറഞ്ഞു.
“ഞാന്‍ നന്നായി ബാറ്റ് ചെയ്ത് മുന്നേറുമ്പോള്‍ കോഹ്ലിയും മറ്റുളളവരും എന്നോട് നന്നായിട്ടുണ്ടെന്ന് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ സെഞ്ചുറി തികച്ചപ്പോള്‍ അവരത് കണ്ടില്ലെന്ന് നടിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ആ പ്രതിസന്ധി ഘട്ടത്തിലും സന്തോഷത്തോടെ തനിക്ക് വേണ്ടി കോഹ്ലി കൈയടിക്കുന്നതാണ് കാണാനായത്”, സമാന്‍ കൂട്ടിച്ചേര്‍ത്തു.
ജസ്പ്രീത് ബുമ്ര എറിഞ്ഞ പന്തില്‍ സമാന്‍ കുടുങ്ങിയിരുന്നെങ്കിലും അത് നോബോള്‍ ആണെന്ന് അമ്പയര്‍ വിധിക്കുകയായിരുന്നു. രണ്ടാമതും കിട്ടിയ അവസരത്തിലാണ് സമാന്‍ സെഞ്ചുറി തികച്ചത്. “ക്യാച്ചില്‍ കുടുങ്ങിയപ്പോള്‍ ആദ്യം എന്റെ ഹൃദയം തകര്‍ന്നു. എന്റെ സ്വപ്നവും എല്ലാ പ്രതീക്ഷകളും തകര്‍ന്നെന്ന് കരുതി ഡ്രസിംഗ് റൂമിലേക്ക് ഞാന്‍ തിരിച്ചു. അപ്പോഴാണ് അത് നോബോള്‍ ആണെന്ന് അറിഞ്ഞത്. അപ്പോള്‍ എന്റെ മനസ് പറഞ്ഞു ഇന്ന് എന്റെ ദിവസമാണെന്ന്”, സമാന്‍ പറഞ്ഞു.