scorecardresearch

ചരിത്രത്തില്‍ എന്നെ അടയാളപ്പെടുത്തണം: എന്തിന് യുവന്റസ് എന്ന് ചോദിക്കുന്നവർക്ക് ക്രിസ്റ്റ്യാനോയുടെ മറുപടി

താന്‍ മറ്റുള്ളവരില്‍ വ്യത്യസ്തനാണെന്ന് തെളിയിക്കുകയാണ് ലക്ഷ്യമെന്നും താരം പറഞ്ഞു

ചരിത്രത്തില്‍ എന്നെ അടയാളപ്പെടുത്തണം: എന്തിന് യുവന്റസ് എന്ന് ചോദിക്കുന്നവർക്ക് ക്രിസ്റ്റ്യാനോയുടെ മറുപടി

ടൂറിന്‍: തന്നെ അടയാളപ്പെടുത്താനാണ് യുവന്റസിലെത്തിയതെന്ന് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്നലെ യുവന്റസ് ആസ്ഥാനത്തെത്തിയതിന് ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ആഴ്ച യുവന്റസ് ക്രിസ്റ്റ്യാനോയെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. റയലില്‍ നിന്നും താരം സീരി എ ക്ലബ്ബിലേക്ക് ചേക്കേറിയതിന് പിന്നിലെ കാരണം തേടി അലഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘യുവന്റസിന്റെ ചരിത്രത്തില്‍ എന്നെ അടയാളപ്പെടുത്തണം. ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണിത്. ഇവിടേക്ക് വരണമെന്ന് കുറച്ചു നാളുകളായി കരുതിയിരുന്നതാണ്. അവര്‍ക്ക് മികച്ച പ്രസിഡന്റും മാനേജരുമുണ്ട്,’ താരം പറയുന്നു. പത്രസമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. തന്റെ സ്വതസിദ്ധമായ ആത്മിവശ്വാസത്തോടെയായിരുന്നു ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍.

നൂറ് മില്യണ്‍ യൂറോയ്ക്കാണ് 33 കാരനായ പോര്‍ച്ചുഗീസ് ഇതിഹാസത്തെ യുവന്റസ് വാങ്ങിയത്. താന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണെന്നും തന്റെ പ്രായമാകുമ്പോള്‍ മറ്റുള്ളവര്‍ ചൈനയിലേക്കോ ഖത്തറിലേക്കോ പോകുന്നതിനെ കുറിച്ചോ കരിയര്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ചോ ആകും ചിന്തിക്കുകയെന്നും എന്നാല്‍ താനങ്ങനെയല്ലെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. താന്‍ മറ്റുള്ളവരില്‍ വ്യത്യസ്തനാണെന്ന് തെളിയിക്കുകയാണ് ലക്ഷ്യമെന്നും താരം പറഞ്ഞു.

ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസ് ചാമ്പ്യന്‍സ് ലീഗ് നോട്ടമിട്ടാണ് ക്രിസ്റ്റ്യാനോയെ ടീമിലെത്തിച്ചിരിക്കുന്നത്. നാല് വര്‍ഷത്തെ കരാറിലാണ് താരം ഓള്‍ഡ് ലേഡിയിലെത്തിയിരിക്കുന്നത്. അതേസമയം ക്രിസ്റ്റ്യാനോയ്ക്ക് പകരം ആരെയാകും റയല്‍ പാളയിത്തിലെത്തിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: I want to mark myself in history cristiano on juventes transfer