മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ടീമിൽനിന്ന് കരുൺ നായരെ ഒഴിവാക്കിയത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനുളള ടെസ്റ്റ് ടീമിൽ കരുണിനെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ഒരു മത്സരം പോലും കളിക്കാൻ അവസരം കൊടുത്തില്ല. ഇന്ത്യയിൽനിന്ന് വിളിച്ചുവരുത്തിയ ഹനുമ വിഹാരിയ്ക്ക് കളിക്കാൻ അവസരം കൊടുക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വെസ്റ്റ് ഇൻഡീസിനെതിരായ ടീമിൽനിന്നും കരുണിനെ തഴഞ്ഞത്.

കരുണിനെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയതിൽ ടീം മാനേജ്മെന്റിന് അതൃപ്തിയുണ്ടെന്നും അതിനാലാണ് താരത്തിന് ഇംഗ്ലണ്ടിൽ അവസരം കൊടുക്കാതിരുന്നതെന്നുമായിരുന്നു സംസാരം. ഇതിനുപിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരായ ടീമിൽനിന്നു കൂടി കരുണിനെ തഴഞ്ഞതോടെ വിമർശനം ശക്തമായി. ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ.പ്രസാദ്. ”ടീമിലേക്ക് കരുണിനെ പരിഗണിക്കാത്തതിന്റെ കാരണം അദ്ദേഹത്തെ നേരിട്ട് വിളിച്ച് അറിയിച്ചിട്ടുണ്ട്. ടീമിലേക്ക് മടങ്ങിയെത്താൻ എന്താണ് ചെയ്യേണ്ടതെന്നും പറഞ്ഞിട്ടുണ്ടെന്നും” പ്രസാദ് വ്യക്തമാക്കി.

ടീമിൽനിന്നും ഒഴിവാക്കിയതിന്റെ കാരണത്തെക്കുറിച്ച് ടീം മാനേജ്മെന്റ് സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ തന്നോട് സംസാരിച്ചിട്ടില്ലെന്ന് കരുൺ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

”ടീം അംഗങ്ങളുമായുളള ആശയവിനിമയത്തിന് സെലക്ഷൻ കമ്മിറ്റി വലിയ പ്രാധാന്യമാണ് നൽകുന്നത്. മോശം വാർത്ത കളിക്കാരെ അറിയിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. കളിക്കാർ അംഗീകരിച്ചാലും ഇല്ലെങ്കിലും ടീമിൽനിന്നും അവരെ ഒഴിവാക്കാനുണ്ടായ വ്യക്തമായ കാരണം പറഞ്ഞേ മതിയാകൂ”, പ്രസാദ് പറഞ്ഞു.

ഇംഗ്ലണ്ട് പര്യടനത്തിൽ കരുണിന് അവസരം നൽകാതിരുന്നതിനെ കുറിച്ച് തന്റെ സഹപ്രവർത്തകനായ ദേവാങ് ഗാന്ധി ഇംഗ്ലണ്ട് പര്യടനത്തിനിടെ കരുണുമായി സംസാരിച്ചുവെന്നും പ്രസാദ് പറഞ്ഞു. കരുണിനെ പ്രചോദിപ്പിക്കാനും തന്റെ അവസരത്തിനായി കാത്തിരിക്കാനുമായിരുന്നു ഇതെന്നും പ്രസാദ് വ്യക്തമാക്കി.

”കരുൺ നായർ മികച്ച ടെസ്റ്റ് കളിക്കാരനാണ്. പക്ഷേ ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എ സീരീസിലും ശ്രദ്ധ വയ്ക്കാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും” പ്രസാദ് പറഞ്ഞു.

വിരേന്ദർ സെവാഗിനുശേഷം ടെസ്റ്റിൽ ട്രിപ്പിൽ സെഞ്ചുറി നേടിയ ഏക ഇന്ത്യൻ താരമാണ് പാതി മലയാളി കൂടിയായ കരുൺ നായർ. രണ്ടു വർഷം മുൻപ് ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലാണ് കരുൺ പുറത്താകാതെ 303 റൺസെടുത്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ