മിതാലി രാജിന്റെ പുലിക്കുട്ടികളെ ഫൈനൽ മത്സരത്തിൽ തോൽപ്പിച്ച് നേടിയ വനിത ക്രിക്കറ്റ് ലോകകപ്പ് തിരഞ്ഞ് ഇംഗ്ലീഷ് ക്യാപ്റ്റൻ ഹെതർ നൈറ്റ് നെട്ടോട്ടമോടി. മത്സരം വിജയിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ നടന്ന സംഭവത്തെ കുറിച്ചാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വെളിപ്പെടുത്തൽ നടത്തിയത്.

“എവിടെയോ മറന്നുവച്ചെന്നായിരുന്നു താൻ കരുതിയത്. എന്നാൽ അതങ്ങിനെയായിരുന്നില്ല”, ഹെതർ നൈറ്റ് ദി ഗാർഡിയന് നൽകിയ അഭിമുഖത്തിൽ ഈ സംഭവത്തെ കുറിച്ച് വ്യക്തമാക്കിയത് ഇങ്ങിനെ.

“കപ്പ് സൂക്ഷിച്ച പെട്ടി എന്റെ കൈവശം ആയിരുന്നതിനാൽ കപ്പും കൈയ്യിലുണ്ടെന്ന ധാരണയിലായിരുന്നു ഞാൻ. പക്ഷെ ആ പെട്ടി ശൂന്യമായിരുന്നു. ഇത് സൂക്ഷിക്കാൻ ഒരു സുരക്ഷ ജീവനക്കാരി എനിക്കൊപ്പമുണ്ടായിരുന്നു. സ്കൈ സ്പോർട്സ് ചാനലിൽ കപ്പ് മറന്നുവച്ചുവെന്നായിരുന്നു ഞാൻ ആദ്യ കരുതിയത്. പക്ഷെ അവിടെ അന്വേഷിച്ചപ്പോൾ കപ്പ് ഉണ്ടായിരുന്നില്ല”, ക്യാപ്റ്റൻ ആ ദിവസം താനനുഭവിച്ച മാനസിക സംഘർഷത്തെ കുറിച്ച് വെളിപ്പെടുത്തി.

“ഇതിന് ശേഷമാണ് ഞാൻ ആ സുരക്ഷ ജീവനക്കാരിയെ തേടി പോയത്. കപ്പ് നഷ്ടപ്പെട്ടുവെന്ന് ഞാൻ കരുതി. അവരുടെ പക്കലുണ്ടാകുമെന്ന ധാരണയിലായിരുന്നു ഞാൻ അവരെ തേടി പോയത്. എന്നാൽ കപ്പുമായി മൂന്ന് സ്ത്രീകൾ നടന്നുപോകുന്നത് കണ്ടുവെന്ന് മാത്രമായിരുന്നു അവരുടെ മറുപടി.”

“എന്റെ ചോദ്യങ്ങളിൽ നിന്ന് അവർ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നി. ഞാൻ വല്ലാതെ ഭയന്നു. ലോകകപ്പ് നഷ്ടപ്പെട്ടുവെന്ന പേടി എന്നെ കീഴ്പ്പെടുത്തി. പക്ഷെ ഭാഗ്യത്തിന്, കപ്പുമായി കടന്ന സ്ത്രീകൾ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിൽ തന്നെ ഉള്ളവരായിരുന്നു.” നൈറ്റ് പറഞ്ഞു.

മിതാലി രാജിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിത ടീമിനെ വാശിയേറിയ മത്സരത്തിൽ പരാജയപ്പെടുത്തി നേടിയ കപ്പ് അങ്ങിനെ ഹെതർ നൈറ്റിന് തിരിച്ചുകിട്ടി. ക്യാപ്റ്റനെന്ന നിലയിൽ കപ്പ് സൂക്ഷിക്കാനുള്ള അവകാശം ഹെതർ നൈറ്റിനായിരുന്നു. ഇതാണ് നഷ്ടമായത്.

ഇത്തവണത്തെ ലോകകപ്പിലൂടെ വനിത ക്രിക്കറ്റിന്റെ സ്വീകാര്യത വർദ്ധിച്ചതായി ഹെതർ നൈറ്റ് പറഞ്ഞു. ലോകകപ്പ് നേടിക്കൊടുത്തതിന്റെ സന്തോഷസൂചകമായി ഇംഗ്ലണ്ടിലെ കെൻസിംഗ്ടൺ പട്ടണത്തിലെ ഒരു റസ്റ്റോറന്റ് ഹെതർ നൈറ്റിന്റെ പേരിൽ പുതിയ സലാഡ് തന്നെ ആഹാരപ്രേമികൾക്കായി അവതരിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ