ക്രിക്കറ്റ് പ്രേമികൾക്ക് കളിക്കളത്തിലെ ദൈവമാണ് സച്ചിൻ ടെണ്ടുൽക്കർ. ക്രിക്കറ്റിന്റെ ചരിത്രത്തിലിന്നേവരെ, ഒരു താരവും ഒരു രാജ്യത്തിന്റെ മുഴുവൻ ആരാധനാ പാത്രമായി കാണില്ല. ക്രിക്കറ്റിനേക്കാൾ ഉയരത്തിലേക്ക് വളർന്ന താരമായ സച്ചിൻ, പക്ഷെ അരങ്ങേറ്റ മത്സരത്തിൽ തന്നെ തന്റെ കരിയർ ഇവിടെ അവസാനിച്ചുവെന്നാണ് കരുതിയത്.

ബ്രയ്‌ക്‌ഫാസ്റ്റ് വിത്ത് ചാംപ്യൻസ് എന്ന അഭിമുഖത്തിലാണ് സച്ചിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.  “കറാച്ചിയിലെ എന്റെ ആദ്യത്തെ ഇന്നിംഗ്‌സ്. ഞാൻ കരുതിയത്, അത് എന്റെ ആദ്യത്തെയും അവസാനത്തെയും കളി ആകുമെന്നാണ്. ആദ്യത്തെ മത്സരത്തിൽ എനിക്ക് യാതൊരു ഐഡിയയും ഇല്ലായിരുന്നു. വഖാർ യൂനിസും വസിം അക്രവുമായിരുന്നു അന്ന് എതിരാളികളിലെ ഏറ്റവും ശക്തരായ ബോളർമാർ. അന്ന് ഞാൻ അവിടെ എത്തേണ്ടവനായിരുന്നില്ല എന്ന തോന്നലായിരുന്നു,” സച്ചിൻ പറഞ്ഞു.

പാക് ബോളിങ് നിരയെ അന്ന് നേരിട്ട സച്ചിന് പ്രായം 16 വയസും 205 ദിവസവും മാത്രം. താരം നേടിയതോ, 15 റൺസും. അതിന് തൊട്ട് മുൻപ് ഇന്ത്യയുടെ വിന്റീസ് പര്യടനത്തിലേക്ക് സച്ചിനെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കി. വിന്റീസ് പേസ് നിരയെ നേരിടാനുളള കരുത്ത് അന്ന് സച്ചിനുണ്ടെന്ന് സെലക്ടർമാർ കരുതിയിരുന്നില്ല. പാക് പേസ് നിരയ്ക്ക് എതിരെ ആഴ്ചകൾക്ക് ശേഷം നടന്ന മത്സരത്തിൽ സച്ചിന് കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും അന്നത്തെ ഷോട്ടുകൾ എല്ലാം പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞതായിരുന്നു.

“നിരാശനായാണ് ഞാൻ പവലിയനിലേക്ക് മടങ്ങിയത്. പലരോടും ഉപദേശങ്ങൾ തേടി. എല്ലാവരും പറഞ്ഞത്, ഇത് അന്താരാഷ്ട്ര ക്രിക്കറ്റാണ്. കാത്തിരിക്കൂവെന്നും.  നീ നേരിടുന്നത് ലോകത്തിലെ ഏറ്റവും മികച്ച പേസ് നിരയെയാണ്. അവർക്കാ ബഹുമാനം നൽകൂവെന്നും സീനിയർ പ്ലേയർസ് പറഞ്ഞു. സെക്കന്റ് ഇന്നിംഗ്‌സിൽ ഞാൻ 59 റൺസ് നേടി. അന്ന് പുറത്തായ ശേഷം ഞാൻ എന്നോട് തന്നെ പറഞ്ഞു, യെസ് ഞാനത് നേടി,” സച്ചിൻ തന്റെ അന്നത്തെ സന്തോഷം അതേ മട്ടിൽ പുറത്തെടുത്തു.

മുംബൈയിലെ ബ്രബോൺ സ്റ്റേഡിയത്തിൽ വച്ച് നേടിയ ട്രിപിൾ സെഞ്ചുറിയാണ് തന്റെ കരിയറിലെ ഏറ്റവും മികച്ചതെന്ന് സച്ചിൻ പറഞ്ഞു. അന്നാണ് ഗവാസ്‌കറും മറ്റും തന്നെ ശ്രദ്ധിച്ചതെന്നും അതുകൊണ്ട് ആ മത്സരമാണ് തനിക്ക് പ്രിയപ്പെട്ട കളികളിലൊന്നും എന്നും താരം വിശദീകരിച്ചു.

തുടക്കത്തിൽ താൻ തീരെ സമയനിഷ്‌ഠ ഇല്ലാത്തയാളായിരുന്നുവെന്ന് പറഞ്ഞ സച്ചിൻ പിൽക്കാലത്ത് 8 മണി എന്നാൽ 8.05 അല്ലെന്ന് തിരിച്ചറിഞ്ഞതായും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook